റഫയിലും അക്രമം ശക്തമാക്കി ഇസ്‌റാഈൽ; വെള്ളവും ഭക്ഷണവുമില്ലാതെ ലക്ഷത്തിലേറെ മനുഷ്യർ പലായനം ചെയ്തു
ടെല്‍അവീവ്: വെടിനിർത്തൽ കരാർ ചർച്ചകൾ തീരുമാനം വൈകുന്ന അവസ്ഥയിലും ഫലസ്തീനിനു നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്‌റാഈൽ. ആക്രമണം ഭയന്ന് ഏകദേശം 110,000 ആളുകൾ സുരക്ഷിതത്വം തേടി റഫയിൽ നിന്ന് പലായനം ചെയ്തു. യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) യാണ് പലായനം ചെയ്തവരുടെ കണക്കുകൾ പുറത്തുവിട്ടത്.
ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫയില്‍ ഇസ്റാഈൽ സേന കരയാക്രമണം തുടങ്ങിയതോടെയാണ് സുരക്ഷിത സ്ഥലം തേടി ജനങ്ങൾക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്. നേരത്തെ ഗസ്സയിൽ ആക്രമണം ശക്തമായ ഗസ്സ മുനമ്പിൽ നിന്ന് റഫയിൽ എത്തിയവർ വീണ്ടും പലായനത്തിന്റെ നൊമ്പരം പേറി മടങ്ങുകയാണ്.
തുടർച്ചയായി നടക്കുന്ന അക്രമങ്ങൾ ഗസ്സ മുനമ്പിൽ എവിടെയും സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങൾ സൃഷ്ടിച്ചു. അരാജകത്വത്തിനും നാശത്തിനും ഇടയിൽ അഭയം തേടുന്ന കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നു. സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി ഉടനടി വെടിനിർത്തലിൻ്റെ അടിയന്തര ആവശ്യത്തിന് അടിവരയിടുന്നതാണ് കുടിയിറക്കത്തിൻ്റെ തോത് എന്ന് യു.എന്‍.ആര്‍.ഡബ്ലൂ.എ പറയുന്നു.
അക്രമത്തിന് അവസാനമില്ലാതെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഗാസയിൽ വർധിച്ചുവരുന്ന പ്രതിസന്ധിയിൽ അന്താരാഷ്‌ട്ര ആശങ്കകൾ ശക്തമാകുമ്പോൾ ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനം ശക്തമാകുന്നു. 2023 ഒക്ടോബർ 7 മുതൽ ഇസ്‌റാഈൽ നടത്തിയ നരഹത്യയിൽ 35,000-ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
റഫ അതിര്‍ത്തി ഇസ്രഈല്‍ സൈന്യം പിടിച്ചെടുത്തതോടെ ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇസ്രഈല്‍ റഫയിലെ വവിധ മേഖലകളില്‍ വ്യോമാക്രമണം നടത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഫ വിട്ട് പോകണമെന്ന് കാണിച്ച് ഇസ്‌റാഈൽ സൈന്യം തിങ്കളാഴ്ചയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."