ഇസ്‌റാഈലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് അനുമതി നിഷേധിച്ച് സ്‌പെയിന്‍
ബാഴ്‌സലോണ: ഇസ്‌റാഈലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിന്‍. തെക്കുകിഴക്കന്‍ തുറമുഖമായ കാര്‍ട്ടജീനയിലാണ് പ്രവേശനാനുമതി നിഷേധിച്ചത്. വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ അല്‍ബ്രാസാണ് കപ്പലിനെ തുറമുഖത്ത് പ്രവേശിപ്പിക്കുന്നത് തടഞ്ഞ വിവരം അറിയിച്ചത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കപ്പലിനെ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌റാഈലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പല്‍ വന്നാലും സ്‌പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. മിഡില്‍ ഈസ്റ്റിന് ഇപ്പോള്‍ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കപ്പലിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. ഇസ്‌റാഈലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടണ്‍ സ്‌ഫോടക വസ്തുക്കളുമായാണ് കപ്പല്‍ യാത്ര തിരിച്ചിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്‌റാഈലിന്റെ ഗസ്സ അധിനിവേശത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന യുറോപ്പിലെ രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. മറ്റ് യുറോപ്യന്‍ രാജ്യങ്ങളെ തങ്ങളുടെ നിലപാടിനൊപ്പം ചേര്‍ക്കാനും സ്‌പെയിന്‍ ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രം രുപീകരിക്കണമെന്നാണ് സ്‌പെയിനിന്റെ നിലപാട്. നേരത്തെ ഗസ്സയില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്‌റാഈലിനുള്ള ആയുധവില്‍പന സ്‌പെയിന്‍ നിര്‍ത്തിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."