സൂക്ഷിക്കണം ഡെങ്കിപ്പനിയെ; ലക്ഷണങ്ങള്‍ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം
മഴക്കാലമാണ് വരുന്നത്. കൂടെ പല രോഗങ്ങളുടേയും കാലമാണിത്. കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനിയെന്ന് നമുക്കറിയാം. പകല്‍ സമയത്താണ് മനുഷ്യനെ ഇവ വ്യാപകമായി ആക്രമിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച മിക്ക ആളുകളും 12 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ഗുരുതരമായ കേസുകളില്‍, ഡെങ്കിപ്പനി മാരകമായേക്കാം. കൊതുകുകടി തടയുക എന്നതാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍:
ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കി വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 5 മുതല്‍ 8 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കാണിക്കും. കടുത്ത പനി, തലവേദന, ബോധക്ഷയം, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, കടുത്ത ശരീര വേദന, ഓക്കാനം, മോണയില്‍ നിന്നും രക്തസ്രാവം, ക്ഷീണം, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവന്‍വരെ നഷ്ടമാകുകയും ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുക, വെള്ളം പിടിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ മൂടി വയ്ക്കുക, ചെടിച്ചട്ടികള്‍, റഫ്രിജറേറ്ററിനു പിന്നിലെ ട്രേ, കൂളറിന്റെ പിന്‍വശം തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, കൃഷിയിടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുക.
കൃത്യമായ ശ്രദ്ധയുണ്ടെങ്കില്‍ ഡെങ്കിപ്പനി രോഗവ്യാപനം തടയാന്‍ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."