ദുബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട മെട്രോ സ്റ്റേഷനുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു
ദുബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട മൂന്ന് മെട്രോ സ്റ്റേഷനുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. മൂന്ന് സ്റ്റേഷനുകളും ഇന്ന് മുതല്‍ തുറക്കുമെന്ന് നേരത്തെ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഓണ്‍പാസീവ്, ഇക്വിറ്റി, മഷ്റെഖ് സ്റ്റേഷനുകളിലെ ദുബായ് മെട്രോ സര്‍വീസാണ് പുനരാരംഭിച്ചത്. എന്നാല്‍ എനര്‍ജി മെട്രോ സ്റ്റേഷന് അടുത്തയാഴ്ച മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ.
സുരക്ഷപരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് മൂന്ന് സ്റ്റേഷനുകളിലും സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഏപ്രില്‍ പകുതിയോടെ എമിറേറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് ഈ നാല് മെട്രോ സ്റ്റേഷനുകളും അടച്ചിരുന്നു. മെയ് 28നകം ഈ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്നാണ് ആര്‍ടിഎ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതിനും 10 ദിവസം മുന്‍പ് തന്നെ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിയ്ക്കാന്‍ സാധിച്ചു.
യുഎഇയുടെ ചരിത്രത്തില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയായിരുന്നു ഏപ്രില്‍ പെയ്തത്. മഴയോടൊപ്പമെത്തിയ ശക്തമായ കൊടുങ്കാറ്റില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അവ അടച്ചിടുകയായിരുന്നു. ശക്തമായ മഴയില്‍ ട്രാക്കില്‍ വെളളം കയറിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസ് അന്നേദിവസം ഭാഗകമായി സര്‍വീസ് നിര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."