സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ള പത്തനംതിട്ട ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഉയർന്ന തിരമാലാകൾക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രത പാലിക്കണം. വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് പലയിടത്തും ഗതാഗതം സ്തംഭിച്ചു. 6 വരി ദേശീയ പാത നിർമ്മിക്കുന്നിടത്തെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."