മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരസ്യങ്ങള്‍ക്ക് മെറ്റ അനുമതി നല്‍കി- റിപ്പോര്‍ട്ട്
മുംബൈ: ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ, തീവ്ര വിദ്വേഷ ഉള്ളടക്കങ്ങളുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വമ്പന്‍മാരായ മെറ്റ അനുമതി നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ട്. കടുത്ത മുസ്‌ലിം വിരുദ്ധ ഉള്ളടക്കമുള്ള 14 പരസ്യങ്ങള്‍ക്കാണ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നല്‍കിയത്. ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി കൂട്ടായ്മ 'ഇക്കോ'യും നടത്തിയ സംയുക്ത പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ വിദ്വേഷം നിറഞ്ഞ ഉള്ളടക്കം തടയുന്നതിന് മെറ്റയുടെ സംവിധാനങ്ങള്‍ പരീക്ഷിക്കാനായി ഐ.സി.ഡബ്ല്യു.ഐയും 'ഇക്കോ'യും 22 പരസ്യങ്ങള്‍ ആണ് കമ്പനിക്ക് അയച്ചുകൊടുത്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ നഗ്‌നമമായ ലംഘനമെന്ന് പ്രഥമൃഷ്ട്യാ തന്നെ വ്യക്തമാകുന്നതായിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എ.ഐ) ഉപയോഗിച്ച് നിര്‍മിച്ച ഈ വിഡിയോകളെല്ലാം. കൂടാതെ മെറ്റയുടെ തന്നെ നയങ്ങള്‍ക്കും വിരുദ്ധമായിരുന്നു ഇവയെങ്കിലും അയച്ചുകൊടുത്ത 22ല്‍ 14ഉം 24 മണിക്കൂറുകള്‍ക്കുള്ളില്‍ മെറ്റ അംഗീകരിച്ചു.
നമുക്ക് ഈ കീടങ്ങളെ (മുസ്‌ലിംകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച വാക്ക്) ചുട്ടുകൊല്ലാം, ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം എന്നിങ്ങനെ മുസ്‌ലിം ഭീതി പ്രചരിപ്പിക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു വിഡിയോയിലെ ഉള്ളടക്കം. പാക് ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാവ് ഇരിക്കുന്ന എ.ഐ നിര്‍മിത വ്യാജ ചിത്രം ഉള്‍പ്പെടുന്നതും 'ഇന്ത്യയിലെ ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നേതാവിനെ' വധിക്കണമെന്ന് ആഹ്വാനം നല്‍കുന്നതുമായ പരസ്യങ്ങളും അംഗീകരിച്ചു. പ്രതിപക്ഷം മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു, മുസ്‌ലിം അധിനിവേശക്കാര്‍ ഇന്ത്യയെ വിഴുങ്ങുന്നു, മുസ്ലിംകള്‍ രാമക്ഷേത്രം തകര്‍ക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളും പരസ്യങ്ങളിലുണ്ടായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ ഭാഷകളിലാണ് പരസ്യങ്ങള്‍ ചെയ്തത്.
പരസ്യം സംബന്ധിച്ച കരാറിലെ വ്യവസ്ഥപ്രകാരം, ജൂണ്‍ ഒന്ന് വരെ പരസ്യം സോഷ്യല്‍ മീഡിയയില്‍ തുടരേണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നും നാലും ഘട്ടങ്ങള്‍ നടക്കുമ്പോഴായിരുന്നു ഇത്തരത്തിലുള്ള പരസ്യങ്ങള്‍ മെറ്റക്ക് അയച്ച് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തീവ്ര മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍ പതിവാക്കിയ സയമം കൂടിയായിരുന്നു ഇത്.
എ.ഐ നിര്‍മിത ചിത്രങ്ങളും വിഡിയോകളും അടക്കം പരിശോധിക്കാന്‍ മെറ്റയ്ക്ക് വിപിലുമായ സംവിധാനങ്ങളുണ്ടായിട്ടും അതൊക്കെയും മറികടന്ന് ബി.ജെ.പിയുടെ പരസ്യങ്ങള്‍ നിര്‍ണായക തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍ബാധം മെറ്റ പ്രചരിച്ചു. വിദ്വേഷ പ്രസംഗം, പീഡനം, അതിക്രമം, അക്രമം, കലാപത്തിന് പ്രേരിപ്പിക്കല്‍, വ്യാജവാര്‍ത്ത എന്നിവ സംബന്ധിച്ച് കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കി ലാഭമുണ്ടാക്കുകയാണ് മെറ്റ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ താല്‍പര്യങ്ങളുള്ള പരസ്യങ്ങള്‍ കൃത്യമായ നടപടിക്രമങ്ങളിലൂടെ കടന്നുപോയ ശേഷമേ ഉപഭോക്താക്കളിലെത്തൂ എന്നാണ് മെറ്റയുടെ അവകാശവാദം. പരസ്യം നിര്‍മിച്ചത് എ.ഐ ഉപയോഗിച്ചാണോയെന്ന് വെളിപ്പെടുത്താന്‍ പരസ്യദാതാക്കളോട് ആവശ്യപ്പെടാറുണ്ടെന്നും കമ്പനി പറയുന്നു. എന്നാല്‍, വിവിധ തലതത്തിലെ നടപടിക്രമങ്ങള്‍ ഉണ്ടായിട്ടും ബി.ജെ.പിക്ക് ഗുണംചെയ്യുന്ന വിദ്വേഷ പരസ്യങ്ങള്‍ എങ്ങനെയാണ് തടസവുമില്ലാതെ മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ എത്തിയതെന്ന് ഗവേഷകര്‍ ചോദിച്ചു. കമ്പനി നയങ്ങള്‍ ലംഘിക്കുന്ന പരസ്യങ്ങള്‍ കണ്ടെത്തിയാല്‍ അവ ഉടന്‍ നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടിനോട് മെറ്റ പ്രതികരിച്ചത്.
ഹിന്ദുത്വവാദികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ രാജ്യത്ത് ഇസ്‌ലാംഭീതി (ഇസ്‌ലാമോഫോബിക്) ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിലും, പ്രതിപക്ഷനേതാക്കളുടെ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണംവരികയും ചെയ്യുന്നതില്‍ മെറ്റ വ്യാപകമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കെയാണ്, കമ്പനിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."