നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി പേടിഎം; വരുമാനത്തിലും ഇടിവ്
ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ത്രൈമാസ നഷ്ടത്തിൽ വർധന. നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ നടത്തുന്നതില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയതാണ് തിരിച്ചടിയായത്. ഡിസംബർ പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം നഷ്ടമാണ് ഈ വർഷത്തെ ആദ്യ പാദത്തിൽ ഉണ്ടായിരിക്കുന്നത്. വരുമാനത്തിൽ 2.9 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഈ ജനുവരിയിലാണ് നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള വിവിധ ബാങ്കിങ് സേവനങ്ങള്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്.
ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള പാദത്തില്‍ പേടിഎമ്മിന്റെ നഷ്ടം 550 കോടിയായാണ് ഉയര്‍ന്നത്. 2023 ഡിസംബര്‍ പാദത്തിൽ 219 കോടിയായിരുന്നു നഷ്ടം. അതായത് ഡിസംബറിന് ശേഷം 331 കോടിയാണ് നഷ്ടം വർധിച്ചത്. വരുമാനത്തിൽ 2.9 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. മാര്‍ച്ച് പാദത്തില്‍ 2267.10 കോടിയായിരുന്നു വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 2334 കോടിയായിരുന്നു.
അതേസമയം വിപണനവുമായി ബന്ധപ്പെട്ട ചെലവുകള്‍ പിടിച്ചു നിർത്താൻ കഴിഞ്ഞത് നേരിയ ആശ്വാസം പകർന്നു. മാര്‍ച്ച് പാദത്തില്‍ 16 ശതമാനം കുറവാണ് വരുത്താന്‍ സാധിച്ചത്. അതേസമയം സാമ്പത്തികവര്‍ഷം മുഴുവന്‍ കണക്കാക്കിയാല്‍ വരുമാനത്തില്‍ 25 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 9978 കോടി രൂപയാണ് വരുമാനം. നഷ്ടവും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 1442 കോടിയായി കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."