ബാര്‍ കോഴ ആരോപണത്തില്‍ പുതിയ വിശദീകരണവുമായി അനിമോന്‍; പണപ്പിരിവ് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്ന് വാട്‌സ് ആപ്പ് സന്ദേശം
ബാര്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബാര്‍ ഉടമാ നേതാവ് അനിമോന്‍. പണം പിരിക്കാന്‍ ആവശ്യപ്പെട്ടത് സംഘടനക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തില്‍ അനിമോന്‍ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന നിലയിലുള്ള ദീര്‍ഘമായ വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ സര്‍ക്കാരിനും എല്‍ഡിഎഫിനും സര്‍ക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. താന്‍ ഒളിവിലല്ലെന്നും അനിമോന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈല്‍ ഫോണും ഇന്ന് ഓണ്‍ ചെയ്തിട്ടുണ്ട്. അതേസമയം, ബാര്‍ ഉടമക സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ വാദം ആവര്‍ത്തിക്കുന്നതാണ് അനിമോന്റെ വിശദീകരണം. വിശദീകരണം നേതൃത്വവുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ആണെന്നാണ് സൂചന.
അനിമോന്റെ കുറിപ്പ്
പ്രിയ മെമ്പര്‍മാരെ ഞാന്‍ അനിമോന്‍ , എന്റെ അടുത്ത സുഹൃത്തുക്കളും ഞാന്‍ സ്‌നേഹിക്കുന്നവരും എന്നെ ഫോണില്‍ കിട്ടാത്തതിന്റെ പേരില്‍ എന്റെ ബന്ധുജനങ്ങളെ വരെ വിളിച്ചു എന്താണ് സംഭവിച്ചത് എന്ന് തിരക്കുന്നതായിട്ട് ഞാന്‍ മനസ്സിലാക്കുന്നു അവര്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഈ വിശദീകരണം നല്‍കുന്നത്. ഇന്നലെ നടന്ന യോഗത്തില്‍ ഉണ്ടായ കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ എല്ലാ ജില്ലകളും ബില്‍ഡിംഗ് ഫണ്ടില്‍ നല്ല രീതിയില്‍ സഹകരിച്ചു , ഇടുക്കി ജില്ലയാണ് ഈ വിഷയത്തില്‍ തുടക്കം മുതല്‍ ഏറ്റവും മോശമായ നിലപാട് സ്വീകരിക്കുകയും സഹകരണക്കുറവ് കാണിക്കുന്നതെന്നും ഈ കാര്യങ്ങള്‍ക്കെല്ലാം പ്രധാന കാരണം ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന്റെ നിലപാടാണെന്നും പ്രസിഡന്റ് സുനില് യോഗത്തില്‍ പരസ്യമായിട്ട് പറഞ്ഞു വിമര്‍ശിക്കുകയുണ്ടായി, തുടക്കം മുതല്‍ എന്നെ കോര്‍ണര്‍ ചെയ്താണ് സംസാരിച്ചത്.
പിന്നീട് നടന്ന ചര്‍ച്ചയില്‍ ബില്‍ഡിങ്ങും സ്ഥലവും ആധാരം ചെയ്യണമെങ്കില്‍ 1.75 കോടിയുടെ കുറവ് ഉണ്ടെന്നും ആയത് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്ന നിലയില്‍ എല്ലാവരും 2.5 ലക്ഷം രൂപാ വെച്ചു തരണമെന്നും പ്രസിഡന്റ് പറഞ്ഞു . ഈ ആധാരം പറഞ്ഞ സമയത്ത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയുടെ ഒരു കാര്യത്തിനും ഇറങ്ങില്ല, മാത്രമല്ല പോളിസി എന്തായി എന്നൊന്നും ചോദിച്ചു പിന്നെ ആരും വിളിക്കാന്‍ നില്‍ക്കരുത്. അങ്ങനെ ഒരു ഭീഷിണി കലര്‍ന്ന നിലപാടാണ് സുനില് സ്വീകരിച്ചത്. ഇതെങ്ങനെ അംഗീകരിക്കാന്‍ പറ്റും, ഞാന്‍ ഇതിനെ ശക്തമായി ചോദ്യം ചെയ്തു അവിടെ ഇരിക്കുന്ന ആളുകള്‍ എല്ലാം സുനിലിനെ പേടിച്ചിട്ടാണെന്ന് തോനുന്നു, ആരും ഒരക്ഷരം മിണ്ടിയില്ല. 1 ലക്ഷം രൂപാ തന്നെ ആളുകള്‍ ബുദ്ധിമുട്ടിയാ തന്നത് , തരാത്ത ആള്‍ക്കാരില്‍ നിന്നും അങ്ങനെയാണേല്‍ മേടിക്കാന്‍ നോക്കണ്ടേ ? തരാത്ത ആളുകളില്‍ നിന്നും മേടിച്ചെടുക്കാന്‍ ഇവരെ കൊണ്ട് കൊള്ളുകേല , തരുന്ന ആളുകളില്‍ നിന്നും പിടിച്ചുപറിക്കാനെ നിങ്ങള്‍ക്ക് കഴിയു എന്ന് പറഞ്ഞു ഞാന്‍ യോഗത്തില്‍ ബഹളം ഉണ്ടാക്കി ..
ഈ അവസരത്തില്‍ സുനിലും ഇഷ്ട്ടക്കാരായ ചില ജില്ലാ ഭാരവാഹികളും കൂടി എന്നെ വ്യക്തിപരമായി അങ്ങേയറ്റം ആക്ഷേപിച്ചു സംസാരിച്ചു. പിന്നെ എനിക്ക് ഇല്ലാത്ത കുറ്റങ്ങള്‍ ഇല്ല, ഞാന്‍ സമാന്തര സംഘടനാ ഉണ്ടാക്കാന്‍ നോക്കി എന്നും, കഴിഞ്ഞ രണ്ടു മാസത്തിനിടെ പല ജില്ലയിലും പോയി മീറ്റിംഗ് നടത്തി എന്നും മറ്റും പറഞ്ഞു.ചില മീറ്റിംഗ് ഒക്കെ പലടത്തും നടന്നു എന്നത് ശരിയാ, ഞാനും കേട്ടതാ... അത് ഞാനല്ല വിളിച്ചു കൂട്ടിയത് എന്ന് അവര്‍ക്കും അറിയാം ...... എനിക്ക് ഇതിനൊന്നും നേരവും ഇല്ല ഈ ചുമതലകളൊക്കെ തന്നെ എന്നെ നിര്‍ബന്ധിച്ചു ആക്കിയതാണ്. ഞാന്‍ ഒരു ചുമതലയിലും ഇല്ലാ എന്ന് നൂറുവട്ടം പറഞ്ഞതാണ്. പിന്നെയാ വേറെ സംഘടനാ ഉണ്ടാക്കാന്‍ ഞാന്‍ നോക്കുന്നെ .... എന്തു പറയാനാ ..
ബില്‍ഡിംഗ് ഫണ്ടിന്റെ കാര്യത്തില്‍ ഞാന്‍ എന്റെ എതിരഭിപ്രായം ആദ്യമേ പറഞ്ഞതാ, എറണാകുളത്ത് സംഘടനക്ക് നല്ല ഒരു ഓഫീസും സ്ഥലവും ഒക്കെ ഉണ്ട് പിന്നെ എന്തിനാണ് പുതിയ ഒരു ഓഫീസ് തിരുവനന്തപുരത്ത്. പ്രസിഡന്റ് തിരുവനന്തപുരം കാരനായതുകൊണ്ടല്ലേ ...? നാളെ മലപ്പുറം ജില്ലക്കാരന്‍ പ്രസിഡന്റ് ആയാല്‍ അവിടെയും സംസ്ഥാന കമ്മറ്റി ഓഫീസ് വേണ്ടിവരുമല്ലോ എന്നൊക്കെ ഞാന്‍ പറഞ്ഞതാ. പക്ഷേ ഇവരു പറയുന്നതുപോലെ ഞാന്‍ ഇവരെ തോല്‍ പ്പിക്കാനോ മറ്റൊരുതരത്തിലോ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എന്റെ ചില ഹോട്ടലിന്റെ ഒക്കെ തുക കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ചില ആളുകളുണ്ട് അവര് പറയുന്നതേ പ്രസിഡന്റും ആള്‍ക്കാരും കേള്‍ ക്കുകയോള്ളൂ. ബഹളം മൂത്തപ്പോള്‍ ഒരാള്‍ പോലും എന്റെ കൂടെ ഉണ്ടായില്ല. അന്നേരം ആരോ അതാരാണെന്ന് ഓര്‍മ്മയില്ല ഇത്തരക്കാരെ ഒന്നും സംഘടനയില്‍ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ല ഇങ്ങനെയുള്ളവരാണ് സംഘടനക്ക് ബാധ്യത ഉണ്ടാക്കുന്നത് എന്ന് പറഞ്ഞതും സുനിലിന് എന്നെ സസ്പെന്‍ഡ് ചെയ്യണം എന്നായി. ആ സമയത്ത് സസ്‌പെന്ഷന്‍ ആക്കണ്ട ഡിസ്മിസ്സലായിക്കോട്ടെ എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി പോരുവാണ് ചെയ്തത്.
സുനിലൊക്കെ വരുന്നതിന് മുന്പ് ഈ സംഘടനയില്‍ വന്ന ആളാണ് ഞാന്‍. പല പ്രസിഡന്റുമാരെയും കണ്ടിട്ടുള്ളതാ, പക്ഷേ ഇവര് പല കാര്യങ്ങളും അടിച്ചേപ്പിക്കുകയാണ് ചെയുന്നത്. ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നതുപോലെ ആത്മാര്‍ഥമായിട്ടാണ് ഇപ്പോഴും നിന്നിട്ടുള്ളത് എന്നാണ് എന്റെ വിശ്വാസം. എന്നെ ഇന്നലെ അവരെല്ലാം കൂടെ വല്ലാതെ ആക്ഷേപിച്ചു. ഇതില്‍ കൂടുതല്‍ സംഘടനക്ക് എതിരെ പ്രവര്‍ത്തിച്ചവരെ അവര് ഒന്നും ചെയ്തിട്ടില്ല , എന്നെ നാണം കെടുത്തിയാ ഇറക്കിവിട്ടത്.
ഇതിപ്പോള്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ബുദ്ധിമുട്ടായി എന്നറിയാം എന്റെ അന്നേരത്തെ ഒരു മാനസികാവസ്ഥയില്‍ ഞാന്‍ പറഞ്ഞതാണ്, പക്ഷേ അതിന് ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥങ്ങള്‍ അല്ല വന്നത്. എല്ലാവരും സമയത്ത് പൈസ കൊടക്കാത്തതുകൊണ്ട്, ആധാരം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുനില്‍ സംഘടനയുടെ ഒരു കാര്യത്തിനും ഇനി ഇറങ്ങുകയില്ല, എന്നു പറഞ്ഞു. അതൊരു മര്യാദ കെട്ട വര്‍ത്താനം ആയിപോയി. കാശു കൊടുക്കാന്‍ തയ്യാറുള്ളവര്‍ ഗ്രൂപ്പില്‍ അറിയിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്, കാശു കൊടുക്കുന്നവര്‍ സംഘടനയുടെ അക്കൗണ്ടില്‍ അല്ലേ കൊടുക്കുന്നത്, അല്ലാതെ ആരോടും പൈസാ എന്നെ ഏല്‍പ്പിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല . ഇനി ആധാരം നടക്കാത്തതിന്റെ പേരില്‍ പ്രസിഡന്റ് പിണങ്ങാന്‍ ഇടവര ണ്ട എന്നാണ് വിചാരിച്ചത്.
ഞാന്‍ അയച്ച മെസ്സേജ് എല്ലാവര്‍ക്കും തെറ്റിദ്ധാരണ ഉണ്ടാക്കി എന്നും ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരായ എന്റെ സഹപ്രവര്‍ത്തകര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സര്‍ക്കാരിനും ഭരണമുന്നണിക്കും എതിരെ ആരോപണം ഉണ്ടാകാന്‍ ഇടയാക്കി എന്നും, പിന്നീട് ഉണ്ടായ സംഭവങ്ങളില്‍ നിന്നു എനിക്ക് മനസ്സിലായി. എന്റെ ആ സമയത്തെ മാനസികാവസ്ഥയില്‍ പറഞ്ഞതൊന്നും ഉദ്ദേശിച്ചതു പോലെയായില്ല. എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഞാന്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്ന് അനിമോന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."