താമരശ്ശേരിയിൽ രണ്ട് അപകടങ്ങളിലായി ഏഴ് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, ചുരത്തിൽ വാഹന നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരിയിൽ നടന്ന രണ്ട് അപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. ലോറി മറിഞ്ഞും, കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുമാണ് അപകടങ്ങളുണ്ടായത്. ചുരം രണ്ടാം വളവിന് താഴെയാണ് തടികയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞത്. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ലോറി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
താമരശ്ശേരിയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൽ, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രി 12 മണിയോടെയാണ് കാർ മതിലിൽ ഇടിച്ച് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകർത്ത് സമീപത്തെ മതിലിൽ ഇടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."