കോൺഗ്രസ് ആവശ്യപ്പെട്ടു, ജനങ്ങൾ അനുസരിച്ചു: ഇൻഡോറിൽ നോട്ട നേടിയത് രണ്ടുലക്ഷത്തിലേറെ വോട്ട്
മധ്യപ്രദേശിലെ ഇൻഡോറിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ നോട്ട നേടിയത് രണ്ട് ലക്ഷത്തിലേറെ വോട്ടുകൾ. 1160627 വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർത്ഥി ശങ്കർ ലാൽവാനിക്ക് തൊട്ടു പിന്നിലാണ് മണ്ഡലത്തിൽ നോട്ടയുടെ സ്ഥാനം. നേരത്തെ അനുയായികളോട് നിഷേധവോട്ടായ നോട്ടക്ക് വോട്ടുകുത്തണമെന്നാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു.
ഇൻഡോറിലെ സ്ഥാനാർത്ഥി അക്ഷയ കാന്തി ബാം ബിജെപി മന്ത്രി കൈലാഷ്, നിയമസഭാംഗം രമേശ് മണ്ഡോല എന്നിവർക്കൊപ്പമെത്തി നാമനിർദേശപത്രിക പിൻവലിച്ചത് വൻ ചർച്ചയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 29ന് ആയിരുന്നു ഇത്. ബാം പിന്നീട് ബിജെപിയിൽ ചേർന്നു. ഇതിനുപിന്നാലെയാണ് മണ്ഡലത്തിലെ അണികളോട് വിശ്വാസ വഞ്ചന നടത്തിയ അക്ഷയ കാന്തിക്ക് പകരം നോട്ടക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്. മത്സര രംഗത്തുള്ള സ്ഥാനാർഥികളെ പിന്തുണയ്ക്കാതെ നോട്ടക്ക് വേണ്ടി പ്രചാരണം നടത്തുകയാണ് പിന്നീട് മധ്യപ്രദേശ് കോൺഗ്രസ് ചെയ്തത്.
ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാൻ ആൾബലവും പണവും ഉപയോഗിക്കുന്ന ബിജെപിയ്ക്ക് ജനങ്ങൾ നൽകിയ ഉചിതമായ മറുപടിയാണ് ഇതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്ടാരി പ്രതികരിച്ചു. നോട്ടക്ക് കുത്തിയ ജനങ്ങോട് അദ്ദേഹം നന്ദിയും പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."