ഗോദി മീഡിയകളുടെ പ്രവചനങ്ങളെ അസ്ഥാനത്താക്കി ഇന്‍ഡ്യ മുന്നണിയുടെ പോരാട്ടം
ന്യൂഡല്‍ഹി: മോദി സ്തുതി പാടിയ ഗോദി മീഡിയ പ്രവചനങ്ങളെ അസ്ഥാനത്താക്കി തിളക്കമാര്‍ന്ന വിജയമാണ് ഇത്തവണ ഇന്‍ഡ്യ സഖ്യം നടത്തിയത്. കേന്ദ്രത്തില്‍ ഭരണം പിടിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റമാണ് യു.പിയടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇന്‍ഡ്യ സഖ്യം നടത്തിയത്. ഹിന്ദി ഹൃദയ ഭൂമിയില്‍ അടക്കം ഇന്ത്യ മുന്നണി അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകാതെ ബി.ജെ.പി കിതച്ചു. മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ ബനസ്‌ക്കന്ദയില്‍ അടക്കം ഉള്‍പ്പെടെ കോണ്‍ഗ്രസ് വിസ്മയം കാഴ്ച്ചവെച്ചു.
ഇത്തവണ 400 സീറ്റുകളിലധികം നേടി എന്‍.ഡി.എ അധികാരം പിടിച്ചടക്കുമെന്ന മോദിയുടെ ഗ്യാരന്റികളൊന്നും തന്നെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായില്ല. അഖിലേഷ് യാദവിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ യു.പിയില്‍ താമരയുടെ തണ്ടൊടിഞ്ഞ കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ബി.ജെ.പിയുടെ ഏറ്റവും വലിയ ട്രംപ് കാര്‍ഡായി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടിയ രാമക്ഷേത്രം പോലും മോദിയെ കൈവിടുന്ന കാഴ്ച്ചയാണ് കാണാനായത്. അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് മണ്ഡലത്തില്‍ പോലും സമാജ് വാദി പാര്‍ട്ടി മികച്ച ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
സമാനമായ സ്ഥിതിഗതിയാണ് ബംഗാളിലും കാണാനായത്. 2019ലെ പ്രകടനം പോലും ഇത്തവണ ബി.ജെ.പിക്ക് ബംഗാളില്‍ കാഴ്ച്ചവെക്കാനായില്ല. ജംഗള്‍മഹല്‍ പോലുള്ള ശക്തികേന്ദ്രങ്ങള്‍ കൈവിട്ടതോടെ ബംഗാളിലെ സീറ്റ് നില താഴ്ന്നു. ഒരിക്കല്‍ കൂടി മമത മാജിക് മോദി പ്രഭാവത്തെ മറികടന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കാട്ടിയ സന്ദേശ്ഖലി ഉള്‍പ്പെട്ട ബാസിര്‍ഹട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിത്വം നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."