സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യ സാധ്യതകള്‍ തേടി ഇന്‍ഡ്യാ മുന്നണി; ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ തേടി ഇന്‍ഡ്യാ സഖ്യവും. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. നിലവില്‍ എന്‍ഡിഎക്ക് ഒപ്പം നില്‍ക്കുന്ന ജെഡിയു, ടിഡിപി പാര്‍ട്ടികളെ മുന്നണിയിലേക്ക് വലിക്കാനുള്ള നീക്കങ്ങളാവും യോഗത്തിലെ പ്രധാന ചര്‍ച്ച.
ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായും ജെഡിയു അധ്യക്ഷന്‍ നിതീഷ്‌കുമാറുമായും ഇന്‍ഡ്യാ സഖ്യത്തിന്റെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ ഇന്നലെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും കഴിഞ്ഞ ദിവസം ഇവരെ വിളിച്ചിരുന്നു. ഇരുവര്‍ക്കും ഉയര്‍ന്ന പദവികള്‍ വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് സ്വതന്ത്ര പാര്‍ട്ടികളേയും ഇന്‍ഡ്യ സഖ്യത്തില്‍ എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്. ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മമതാ ബാനര്‍ജിയും ശക്തമായി രംഗത്തുണ്ട്. നിതീഷിനെ പ്രധാനമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം വരെ മമത ഇന്നലെ മുന്നോട്ടു വെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബി.ജെ.പിയുടെ മുഴുവന്‍ പ്രതീക്ഷകളും തകര്‍ക്കുന്ന പ്രകടനമാണ് ഇത്തവണ ഇന്‍ഡ്യാ മുന്നണി കാഴ്ച വെച്ചത്. 234 സീറ്റുകളാണ് മുന്നണി നേടിയത്. സര്‍ക്കാരുണ്ടാക്കാന്‍ കേവല ഭൂരിപക്ഷത്തിന് 272 പേരുടെ പിന്തുണയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."