'വെറുപ്പ് വിളയാത് പോട' ബി.ജെ.പിയെ നിലം തൊടുവിക്കാതെ തമിഴകം
''മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന ഞാന്‍ പറയുന്നു, ബി.ജെ.പിയെ തമിഴ്‌നാട്ടില്‍ നിലം തൊടുവിക്കില്ല''. മധുരയിലെ സി.പി.എം സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു. തലൈവരുടെ വാക്കുകള്‍ അതുപോലെ ഏറ്റെടുത്തു തമിഴ് മക്കള്‍. കോയമ്പത്തൂരില്‍ കെ.അണ്ണാമലൈയിലൂടെ ബി.ജെ.പി സാന്നിധ്യം ഉറപ്പാക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്പാടെ നിരാകരിച്ചുകൊണ്ട് തമിഴകത്തെ 39 സീറ്റും ഡി.എം.കെ സഖ്യം തൂത്തുവാരി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഡി.എം.കെ സഖ്യം നേടിയ മുന്നേറ്റം തെരഞ്ഞെടുപ്പ് ഫലം വരെ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. സംസ്ഥാനത്തെ ഡി.എം.കെ സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലാത്തതും സ്റ്റാലിന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഇന്‍ഡ്യാ മുന്നണിക്ക് വിജയം എളുപ്പമാക്കിയത്. ബി.ജെ.പിയുടെ വര്‍ഗീയവിദ്വേഷ രാഷ്ട്രീയവും ദ്രാവിഡ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായി തെരഞ്ഞെടുപ്പ് പോരാട്ടത്തെ കാണാന്‍ തുടക്കം മുതല്‍ ഡി.എം.കെ ശ്രദ്ധ ചെലുത്തിയിരുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍, കേന്ദ്ര വിഹിതം നിഷേധിക്കല്‍, കച്ചിത്തീവ് വിവാദം, പ്രളയദുരിതാശ്വാസം അനുവദിക്കാതിരുന്നത് തുടങ്ങിയ വിഷയങ്ങള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. മോദി മുതല്‍ താഴോട്ടുള്ള മിക്ക നേതാക്കളും തമിഴ്‌നാട്ടില്‍ അടിക്കടി വന്നു പോയിട്ടും ബി.ജെ.പിക്ക് ജനപിന്തുണ ആര്‍ജിക്കാന്‍ സാധിച്ചില്ല. ഉത്തരേന്ത്യക്കാര്‍ ഏറെയുള്ള കോയമ്പത്തൂര്‍ മണ്ഡലത്തില്‍ പോലും ചലനമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അണ്ണാമലൈ എന്ന ഒറ്റയാള്‍ പോരാട്ടത്തിനപ്പുറം സംഘടനാ സംവിധാനത്തിലെ പോരായ്മകളും ബി.ജെ.പിക്ക് പ്രതികൂലമായി. ഗവര്‍ണര്‍ പദവി രാജിവച്ച് എത്തിയ തമിഴിസൈ സൗന്ദര്‍രാജന് ചെന്നൈയില്‍ കടുത്ത മത്സരം പോലും കാഴ്ച വെക്കാന്‍ സാധിച്ചില്ല.
മോദിയുടെ വിദ്വേഷത്തേയും വെറുപ്പിനേയും തുടക്കം മുതലേ സ്റ്റാലിന്‍ പടിയടച്ച് പിണ്ഡം വെച്ചിരുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കടുത്ത നിലാപാടാണ് സ്റ്റാലിന്‍ കൈക്കൊണ്ടത്.
ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങിയ എ.ഐ.എ.ഡി.എം.കെയ്ക്ക് കരുത്ത് തെളിയിക്കാനായില്ല. പാര്‍ട്ടിയുടെ ദുര്‍ബലാവസ്ഥ, പനീര്‍സെല്‍വം വിഭാഗത്തിന്റെ വിമതവേഷം, സ്ഥനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച എന്നിവ എ.ഐ.എ.ഡി.എം.കെയ്ക്ക് തിരിച്ചടിയായി മാറി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണി സംവിധാനം കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ സ്റ്റാലിന്‍ കാണിച്ച സമീപനവും പ്രചാരണത്തിലെ തന്ത്രങ്ങളും സഖ്യത്തിന് ഗുണമായി. സ്റ്റാലിന്‍ സംസ്ഥാനത്തുടനീളം പങ്കെടുത്ത റാലികളില്‍ അഞ്ചും ആറും ലക്ഷം പേരാണ് എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."