രാഹുല്‍ ആരുടെ എം.പിയാകും? ഉപതെരഞ്ഞെടുപ്പ് സാധ്യത, ആകാംക്ഷ ഒഴിയാതെ വയനാട്
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വന്‍ വിജയത്തിന്റെ ആവേശത്തിനൊപ്പം വയനാടിന്റെ ആകാംക്ഷയും തുടരുന്നു. റായ്ബറേലിയിലും വന്‍ വിജയം നേടിയ രാഹുല്‍ ആരുടെ എം.പിയാകുമെന്നതാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടും തുടരുന്ന ആകാംക്ഷയ്ക്ക് നിദാനം. വയനാട്ടില്‍ നിന്ന് 3,64,422 വോട്ടിനും റായ്ബറേലിയില്‍ നിന്ന് 3,90,030 വോട്ടിന്റെയും ഭൂരിപക്ഷത്തിനുമാണ് രാഹുല്‍ ജയിച്ചത്. കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷത്തിന് ജയിപ്പിച്ച വയനാടിനോടുള്ള വൈകാരികബന്ധം രാഹുല്‍ പല തവണ തുറന്ന് പറഞ്ഞിരുന്നു. എങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ ഇന്‍ഡ്യസഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍, ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ റായ്ബറേലി രാജിവെച്ച് വയനാട് നിലനിര്‍ത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ബി.ജെ.പിക്ക് ഒരു അവസരമുണ്ടാക്കാന്‍ രാഹുല്‍ ശ്രമിക്കില്ലെന്നും ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന വയനാട് രാജിവെച്ചേക്കുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ നല്‍കുന്ന സൂചന. രാഹുല്‍ പിന്‍മാറിയാല്‍ ദേശീയ രംഗത്ത് ശ്രദ്ധേയമായ ഒരു സ്ഥാനാര്‍ഥിയെ നല്‍കുമെന്ന് കെ.സി വേണുഗോപാല്‍ നേരത്തെ പ്രചാരണ വേളയില്‍ ഘടകക്ഷികളെ അറിയിച്ചതായാണ് വിവരം.
സംസ്ഥാനത്തെ ഏതെങ്കിലും നേതാക്കള്‍ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് ചില യു.ഡി.എഫ് കക്ഷികള്‍ കെ.സി വേണുഗോപാലിനോട് ആവശ്യപ്പെട്ടപ്പോഴായിയിരുന്നു ഈ മറുപടി. പുതിയ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയെ വയനാട് മത്സരിപ്പിക്കാന്‍ രാഹുലും കോണ്‍ഗ്രസും തയാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഉത്തര്‍പ്രദേശില്‍ പി.സി.സി അധ്യക്ഷയുടെ ചുമതല പ്രിയങ്ക ഗാന്ധിക്കുണ്ട്. അവിടെ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഇന്‍ഡ്യസഖ്യത്തിന് കഴിഞ്ഞ പശ്ചാത്തലത്തില്‍ അവര്‍ വയനാട്ടിലേക്ക് വരുമോയെന്നും ഉറ്റുനോക്കുന്നുണ്ട്.
പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ പ്രിയങ്ക മത്സരിക്കാന്‍ തയാറായേക്കും. പ്രിയങ്ക പിന്‍മാറിയാല്‍ കേരളത്തില്‍ നിന്നുള്ള ഏതെങ്കിലും നേതാക്കള്‍ മത്സരിച്ചേക്കുമെന്നും പറയപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചകളും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ല. എങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലേയും ജില്ലയിലേയും പല പേരുകളും അനൗപചാരികമായി യു.ഡി.എഫ് പങ്കുവയ്ക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി ആനി രാജ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് പൊതു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."