ഞായറാഴ്ച്ച വരെ മഴ; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മറ്റ് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
06-06-2024: തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
07-06-2024: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
08-06-2024: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
09-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിക്കും. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ് നാട്നും സമീപത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."