സ്പീക്കർ സ്ഥാനത്തിലുറച്ച് ടിഡിപി, സമ്മർദം ശക്തമാക്കി ജെഡിയു; എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ
ന്യൂഡൽഹി: സ്ഥാനങ്ങൾക്കായി പിടിവലികൾ തുടരുന്നതിനിടെ എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 11 മണിയ്ക്ക് പാർലമെൻറിലെ സെൻട്രൽ ഹാളിലാണ് യോഗം ചേരുക. യോഗത്തിൽ നരേന്ദ്ര മോദിയെ പാർലമെൻറിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എംപിമാർക്ക് പുറമെ എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും, ബിജെപി സംസ്ഥാന അധ്യക്ഷൻമാരും ഈ യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും, കെ. സുരേന്ദ്രനും പങ്കെടുക്കും.
യോഗത്തിന് ശേഷം നരേന്ദ്ര മോദിയെ പാർലമെന്റിലെ നേതാവായി നിശ്ചയിച്ചുകൊണ്ടുള്ള കത്ത് എൻഡിഎ നേതാക്കൾ രാഷ്ട്രപതിക്ക് നൽകും. ഇതിന് പിന്നാലെ മോദി മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ശനിയാഴ്ച നടത്തുമെന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും ദിവസം മാറ്റുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രിക്കൊപ്പം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
എൻഡിഎ മുന്നണിയിലെ പ്രധാനികളായ ടിഡിപിയും ജെഡിയുവും വിവിധ സ്ഥാനങ്ങൾക്കായി സമ്മർദ്ദം തുടരുകയാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബിജെപിയ്ക്ക് തുടക്കത്തിൽ തന്നെ മുന്നണിയിൽ നിന്ന് തന്നെ സമ്മർദ്ദം ഉയരുന്നത് തലവേദനയായിട്ടുണ്ട്. സ്പീക്കർ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ടിഡിപി. ഇതുസംബന്ധിച്ച് ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ടിഡിപിയുടെ ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സ്പീക്കർ സ്ഥാനം നൽകാൻ ബിജെപി നിർബന്ധമായേക്കും.
മന്ത്രിസഭയിൽ കൂടുതൽ മന്ത്രിമാർ വേണമെന്നാണ് ജെഡിയു മുന്നോട്ട് വെച്ച ആവശ്യം. ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം നൽകാമെന്നാണ് ബിജെപി മറുപടി നൽകിയത്. എന്നാൽ ബിജെപിയുടെ നിർദേശം ജെഡിയു തള്ളി. അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിർദേശമെന്നും ജെഡിയു അറിയിച്ചു. നിതീഷ് കുമാറിന്റെ ആവശ്യത്തിൽ ബിജെപി എന്ത് തീരുമാനമെടുക്കുമെന്നും ഇത് നിതീഷ് കുമാർ സ്വീകരിക്കുമോ എന്നും കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."