സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം
തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി നേതാക്കള്‍ക്കും ക്ഷണം. സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളാ ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്.
എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പോകുമോയെന്ന് വ്യക്തമല്ല. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. എന്‍.ഡി.എ ഘടകകക്ഷികള്‍ അടക്കമുള്ള മന്ത്രിസഭാംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
വിദേശരാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്നതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണ് ചടങ്ങുകള്‍. ഡല്‍ഹി പൊലിസിന്റെ കമാന്‍ഡോ സംഘം, എന്‍.എസ്.ജി അടക്കമുള്ളവരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഡല്‍ഹിയിലെമ്പാടും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയെ നോ ഫ്‌ളൈ സോണായും പ്രഖ്യാപിച്ചു. അതിനാല്‍ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, റിമോട്ട്കണ്‍ട്രോള്‍ ഹെലികോപ്റ്ററുകള്‍, ഹോട്ട്എയര്‍ ബലൂണുകള്‍ തുടങ്ങിയവ കുറച്ചുദിവസത്തേക്ക് അനുവദനീയമല്ല. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിന്‍ഗെ, മാലദ്വിപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദാഹല്‍, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ തുടങ്ങിയവരടക്കം 8000ല്‍ അധികം പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുക.
രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടച്ചിടും. ഡല്‍ഹിയിലേക്ക് വാഹനങ്ങള്‍ പരിശോധിച്ചാകും കടത്തിവിടുക. വിദേശരാഷ്ട്രത്തലവന്‍മാര്‍ താമസിക്കുന്ന ഹോട്ടലുകളുടെ പരിസരത്തും കനത്ത സുരക്ഷയുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ വിരുന്നുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."