വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി
ഷാർജ: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം യാത്രക്കാരെ തിരിച്ചിറക്കി. ഷാർജയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുലർച്ചെ 3:30 പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ഇതോടെ 170 ലേറെ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി.
പുലർച്ചെ 2:30 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഒരു മണിക്കൂർ വൈകി 3:30 ആണ് പുറപ്പെടാൻ ഒരുങ്ങിയിരുന്നത്. എന്നാൽ ടേക്ക് ഓഫിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയെന്ന് പറഞ്ഞ് എല്ലാവരെയും തിരിച്ചിറക്കുകയായിരുന്നു. ഒരു മണിക്കൂർ വൈകുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി വിമാനം മുടങ്ങിയത് യാത്രക്കാർക്ക് തിരിച്ചടിയായി. എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷവും യാത്രക്കാർ ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങി.
ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് രാവിലെ ഭക്ഷണം വിതരണം ചെയ്തു. എന്നാൽ, വിമാനം എപ്പോൾ യാത്ര പുനഃരാംഭിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം റാസൽഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരും ഈ വിമാനത്തിലുണ്ട്. ഇവർക്ക് ഇത് ഇരട്ട തിരിച്ചടിയായി.
IX 356 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."