ചെങ്കോട്ട, ചെങ്കതിര്, പോരാളി ഷാജി...;ഇടതുപക്ഷമെന്ന് കരുതുന്ന പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുന്നു; എം.വി ജയരാജന്
കണ്ണൂര്‍: സമൂഹ മാധ്യമങ്ങളില്‍ ഒറ്റ നോട്ടത്തില്‍ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് വാങ്ങപ്പെട്ടുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജന്.ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നില്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കോട്ട, ചെങ്കതിര്, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം. യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പില്‍ ഇടതിനെതിരെ ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും എം വി ജയരാജന് പറഞ്ഞു.
'പാര്‍ട്ടി പ്രവര്‍ത്തകരും പ്രസ്ഥാനത്തോട് കൂറുള്ളവരും ഒരുകാര്യം മനസ്സിലാക്കണം, ഇടതുപക്ഷമെന്ന് നമ്മള് കരുതുന്ന സോഷ്യല്‍ മീഡിയയിലെ പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണ് ചെങ്കോട്ട, ചെങ്കതിര്, പോരാളി ഷാജി... അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരെ വിലയ്ക്ക് വാങ്ങുകയാണ്. വിലയ്ക്ക് വാങ്ങിക്കഴിഞ്ഞാല്‍ നേരത്തെ നടത്തിയ പോലുള്ള കാര്യമല്ല വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സി.പി.എം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇതു പുതിയ കാലത്തെ വെല്ലുവിളിയാണ്' എം വി ജയരാജന് പറഞ്ഞു.
ഇല്ലാത്ത കാര്യങ്ങളെ അടിസ്ഥാനമാക്കി സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന പ്രചാരണങ്ങളിലാണ് വലതുപക്ഷ രാഷ്ട്രീയക്കാര്‍ നില്‍ക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗിച്ച് എന്തുനുണയും പ്രചരിപ്പിക്കാം എന്ന നിലപാടാണ് കോണ്‍ഗ്രസും ലീഗും സ്വീകരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപത്തിന് ഇരയായ ആളാണ് ശൈലജ ടീച്ചര്‍. അതിനെല്ലാം നേതൃത്വം കൊടുത്തത് സോഷ്യല്മീഡിയയായിരുന്നെന്നും ജയരാജന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."