അഭയാര്‍ഥി ക്യാംപില്‍ ജനിച്ചു, മരണവും ക്യാംപില്‍; ഫലസ്തീന്റെ ആദ്യ ഒളിമ്പ്യന്‍ മാജിദ് അബൂ മറാഹീലിന്റെ കഥ
1996ലെ ഒളിമ്പിക് വേദി. ഭൂഗോളത്തിലെ അതികായന്‍മാര്‍ മാറ്റുരക്കുന്ന സംഗമ വേദി. ഒന്നിനു പിറകേ ഒന്നായി ഒഴുകി നീങ്ങുന്ന കളിക്കൂട്ടങ്ങള്‍ക്കിടയില്‍ പച്ചയും ചുവപ്പു കറുപ്പു വെളുപ്പും കലര്‍ന്ന പതാകയുമേന്തി കുടിയിറക്കപ്പെട്ട ജനതയുടെ പ്രതിനിധിയായി ഒരു കൊച്ചു സംഘത്തെ നയിച്ച് അയാളുണ്ടായിരുന്നു. മാജിദ് അബൂ മറാഹീല്‍. ഫലസ്തീന്റെ ആദ്യ ഒളിമ്പ്യന്‍.
1963ല്‍ അഭയാര്‍ഥി ക്യാംപിലാണ് മാജിദ് അബൂ മറാഹീലിന്റെ ജനനം. ഒരു പാടൊരുപാട് പ്രതിസന്ധികളോട്, ഉപരോധങ്ങളോട് പോരാടിയവന്‍. ഇസ്‌റാഈലിന്റെ തോക്കിന്‍ കുഴലുകള്‍ക്ക് മുന്നില്‍ തലഉയര്‍ത്തി നിന്നവന്‍. അങ്ങിനെ ഒളിമ്പിക്‌സില്‍ ആദ്യമായി ഫലസ്തീനെ പ്രതിനിധാനം ചെയ്ത് ചരിത്രം കുറിച്ചവന്‍. ഒടുവില്‍ അഭയാര്‍ഥി ക്യാംപില്‍ വെച്ചുതന്നെ അദ്ദേഹത്തിന്റെ ജീവിതവും അവസാനിച്ചിരിക്കുന്നു. ഇസ്‌റാഈല്‍ തുടരുന്ന യുദ്ധവും ഉപരോധം കാരണം ആശുപത്രികള്‍ തകര്‍ന്നതും മരുന്നുള്‍പ്പടെയുള്ളവയുടെ ക്ഷാമവും മൂലം ചികിത്സ കിട്ടാതൊയാണ് 61 വയസില്‍ കായികതാരം മരണത്തിന് കീഴടങ്ങിയത്.
15 ഏക്കറോളം സ്ഥലമുണ്ടായിരുന്നു മാജിദിന്റെ കുടുംബത്തിന്. പിന്നീട് അധിനിവേശക്കാര്‍ വന്നു. ഫലസ്തീന്‍ ജനതക്കുള്ളതെല്ലാം ഓരോന്നോരോന്നായി അവര്‍ കൈക്കലാക്കി. ഒടുവില്‍ മറ്റനനേകം ഫലസ്തീന്‍ കുടുംബങ്ങളെ പോലെ അവര്‍്കകും വീട് വിട്ടിറങ്ങേണ്ടി വന്നു. 1948ല്‍ 15 ഏക്കര്‍ ഭൂവുടമകളായിരുന്ന ആ കുടുംബം ഒരു അഭയാര്‍ഥി ക്യാംപിലേക്ക് തള്ളപ്പെട്ടു.
ഫലസ്തീനില്‍
ഫലസ്തീന്റെ ആദ്യ ഒളിമ്പ്യന്‍ മാജിദ് അബൂ മറാഹീല്‍ അഭയാര്‍ഥി ക്യാമ്പില്‍ ചികിത്സ കിട്ടാതെ മരിച്ചു.
അത്‌ലറ്റ് മാജിദ് അബൂ മറാഹീല്‍ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. വൃക്കരോഗ ബാധിതനായിരുന്നു അദ്ദേഹം. അന്ന് ഫലസ്തീന്റെ ഒളിമ്പിക് പതാകവാഹകനുമായിരുന്നു മാജിദ്.
1963ല്‍ ആ ക്യാംപിന്റെ ഇരുള്‍മൂലയില്‍ മാജിദ് അബൂ മറാഹീല്‍ എന്ന കുഞ്ഞ് ജനിച്ചു. ഒരു ഫുട്ബാള്‍ ഭ്രാന്തനായിരുന്നു കുഞ്ഞു മാജിദ്. 12ാം വയസ്സില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിക്കുക എന്ന തന്റെ സ്വപ്‌നം കുഞ്ഞു മാജിദ് ഉപേക്ഷിച്ചില്ല. അവന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തായി ഉപ്പയും കൂടെ നിന്നു.
എന്നാല്‍ സാഹചര്യങ്ങള്‍ പലപ്പോഴും അനുകൂലമായിരുന്നില്ല. കിനാക്കള്‍ കിനാക്കളായി തന്നെ തുടര്‍ന്നു. അതിനിടെ ബദ്ധശത്രുവായ ഇസ്‌റാഈലില്‍ തൊഴിലാളിയായി മാജിദ്. അപ്പോഴും തന്റെ ശരീരം ഫിറ്റായി നിര്‍ത്തുക എന്നതില്‍ മാജിദ് ശ്രദ്ധ പുലര്‍ത്തി. ഇതിനായി ഗസ്സയിലെ വീട്ടില്‍നിന്ന് ഇറേസിലെ ചെക്ക് പോയിന്റിലേക്ക് ദിവസവും 20 കിലോമീറ്റര്‍ മാജിദ് ജോഗിങ് നടത്തി. പലര്‍ക്കും ജോഗിങ് ഒരു ഹോബിയായിരുന്നിരിക്കാം. എന്നാല്‍ മാജിദിന് അത് തന്റെ കുഞ്ഞുന്നാള്‍ മുതല്‍ കൂടെ കൊണ്ടു നടക്കുന്ന കിനാവിലേക്കുള്ള ചുവടുവയ്പായിരുന്നു.
ആ ഓട്ടങ്ങള്‍ പിന്നെ അവന്‍ രാജ്യത്തിനായി ഓടിത്തുടങ്ങി. ഉപരോധത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളിലെ കുഞ്ഞു രാജ്യത്തിന്റെ പേരു പതിഞ്ഞ സമ്മാനങ്ങള്‍ അവനെ തേടിയെത്തി തുടങ്ങി.
അദ്ദേഹം താമസിയാതെ ഒളിമ്പിക്‌സിലെത്തി. 1995ലെ ഒളിമ്പിക് ഡേ ഫെസ്റ്റിവലില്‍ വിജയിച്ചു. അക്കാലത്ത് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായ യാസര്‍ അറാഫത്താണ് അദ്ദേഹത്തിന് പുരസ്‌ക്കാരം സമ്മാനിച്ചത്.
അന്ന് താന്‍ അടുത്ത സവണ ഗസ്സയില്‍ വരുമ്പോള്‍ താങ്കള്‍ തന്റെ അംഗരക്ഷകനാകണമെന്ന് മാജിദിനോട് തമാശ പറഞ്ഞു അറഫാത്ത്.
എന്നാല്‍ അത് സത്യമായി. അദ്ദേഹം ഇസ്‌റാഈലിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് അറഫാത്തിന്റെ അംഗരക്ഷകരില്‍ ഒരാളായി. അതിനിടക്ക് ഒരിക്കല്‍ അദ്ദേഹത്തിന് ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റു. അഞ്ചു വര്‍ഷത്തിന് ശേഷം ആ സ്വപ്‌ന മുഹൂര്‍ത്തം അദ്ദേഹത്തിലേക്ക് വന്നെത്തി. ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി 1996ല്‍ അറ്റ്‌ലാന്റിയിലെ സെന്റേനിയല്‍ ഒളിമ്പിക് സ്റ്റേഡിയത്തിന് നടുവില്‍ തന്റെ രാജ്യത്തിന്റെ, ഫലസ്തീന്റെ പതാകയേന്തി ആ മനുഷ്യന്‍ മാജിദ് അബു മറാഹീല്‍ തല ഉയര്‍ത്തി നിന്നു. ട്രാക്കില്‍ അദ്ഭുതങ്ങളൊന്നും സൃഷ്ടിക്കാന്‍ മാജിദിന് കഴിഞ്ഞില്ല. ഓട്ടക്കാരില്‍ ഏറ്റവും ഒടുവിലായി 21ാമനായിരുന്നു അദ്ദേഹം. എന്നാല്‍ ആ മനുഷ്യന്‍ ഒരടയാളമായിരുന്നു. ലോകത്തിന്റെ കണ്‍മുന്നില്‍ വെച്ച് പടിയിറക്കപ്പെട്ട ലക്ഷങ്ങളുടെ കരുത്തായിരുന്നു. അയാള്‍ക്കു പിന്നില്‍ വളര്‍ന്നു വന്ന ചെറുപ്പങ്ങള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള വഴിയായിരുന്നു.
Majed Abu Marahe-el
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."