വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; പരീക്ഷണ ഓട്ടം ഓഗസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേമെട്രോയുടെ പരീക്ഷണ ഓട്ടവും ഇതോടൊപ്പം നടക്കും.
രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029 ഓടെ 250 ഓളം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരും. തുടര്‍ന്ന്, റേക്കുകളുടെ നിര്‍മാണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ഇ.എം.എല്‍ ലിമിറ്റഡിന്റെ ബംഗളൂരു റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാനും ആഗോള നിലവാരത്തില്‍ വിവിധ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."