നടന്‍ ദര്‍ശന്റെ ഫാം ഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു
ബംഗളുരു: സുഹൃത്തായ നടിയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപയുടെ മാനേജര്‍ ശ്രീധറെ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടന്റെ ബംഗളുരുവിലെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇദ്ദേഹം എഴുതിയതെന്ന് വിശ്വസിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കടുത്ത ഏകാന്തത അനുഭവപ്പെടുന്നതിനാലാണ് ജീവനൊടുക്കിയതെന്നാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളത്. ഇതേ കാര്യം പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. തന്റെ പ്രിയപ്പെട്ടവരാരും മരണത്തിന് ഉത്തരവാദികളല്ലെന്നും കത്തില്‍ പറയുന്നുണ്ട്. ദര്‍ശന്‍ ഉള്‍പ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നകാര്യത്തില്‍ പൊലിസ് അന്വേഷണം നടത്തും.
അതേസമയം, രേണുകസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ തൂഗുദീപയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. രേണുകസ്വാമിയെ കൊലപ്പെടുത്തിയ ദിവസം ദര്‍ശന്‍ നഗരത്തിലെ ഒരു പബ്ബില്‍ പാര്‍ട്ടി നടത്തിയിരുന്നതായും ഇതിനു ശേഷം രേണുകസ്വാമിയെ ക്രൂരമായി മര്‍ദിച്ച ഷെഡ്ഡിലേക്ക് നടനും കൂട്ടാളികളും എത്തിയതായും പിടിയിലായ പ്രതികളിലൊരാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. രേണുകസ്വാമിയെ ദര്‍ശനുള്‍പ്പെടെയുള്ളവര്‍ ക്രൂരമായി മര്‍ദിച്ചതായും ഷോക്ക് ഏല്‍പ്പിച്ചതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയും ദര്‍ശന്റെ സുഹൃത്തും നടയുമായ പവിത്ര ഗൗഡയും ഷെഡ്ഡില്‍ വച്ച് രേണുകസ്വാമിയെ മര്‍ദിച്ചിരുന്നതായാണ് കൂട്ടുപ്രതികയുടെ മൊഴി.
രേണുകാസ്വാമിയെ ഷോക്ക് ഏല്‍പ്പിച്ചതായും ഇരുമ്പ് പൈപ്പ് കൊണ്ട് ദേഹത്ത് പൊള്ളിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അതിനിടെ, ചിത്രദുര്‍ഗയില്‍ നിന്ന് രേണുകസ്വാമിയെ കടത്തിക്കൊണ്ടുവന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ ഡ്രൈവര്‍ രവി കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു.
അതേസമയം, കേസില്‍ പ്രതികളെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്. കൊലക്കുറ്റം ഏറ്റെടുക്കാനായി മൂന്നു പ്രതികള്‍ക്ക് ദര്‍ശന്‍ നല്‍കിയ 30 ലക്ഷം രൂപ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തു. രേണുകസ്വാമിയുടെ പേഴ്‌സും സ്വര്‍ണ ചെയിനും പ്രതികളിലൊരാളായ രാഘവേന്ദ്രയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ദര്‍ശനെ മൈസൂരുവിലെ ഫാം ഹൗസില്‍ എത്തിച്ച് തെളിവെടുക്കാനൊരുങ്ങുകയാണ് പൊലീസ്.
കന്നഡ സിനിമാ താരം ദര്‍ശന്‍ തൂഗുദീപ ഉള്‍പ്പെടെ 18 പേരാണ് കേസില്‍ പിടിയിലായത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശമയച്ചതിന്റെ വൈരാഗ്യത്തിനാണ് ദര്‍ശനും പവിത്ര ഗൗഡയും ചേര്‍ന്ന് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."