'ഇസ്‌റാഈല്‍ തടവിലുള്ളത് 310ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍, നേരിടുന്നത് കൊടിയ പീഡനം' വിട്ടയക്കാന്‍ അന്തരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം
ഗസ്സ: അന്താരാഷ്ട നിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ച് ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ സേന പിടിച്ചുകൊണ്ടുപോയ 310 ആരോഗ്യപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം. അധിനിവേശ സേന അജ്ഞാത കേന്ദ്രങ്ങളില്‍ തടവിലിട്ട ഡോക്ടര്‍മാരടക്കമുള്ളവര്‍ കടുത്ത പീഡനത്തിനിരയാകുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവരുടെ നിലവിലെ അവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും കമാല്‍ അദ്‌വാന്‍ ആശുപത്രി ഡയറക്ടറുമായ ഡോ. ഇയാദ് റന്‍തീസി (53) ഇസ്‌റാഈല്‍ തടവറയില്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനുപിന്നാലെയാണ് ആശങ്കയുമായി ആരോഗ്യ മന്ത്രലയം വീണ്ടും രംഗത്തെത്തിയത്.
2023 നവംബര്‍ 11ന് ഇസ്‌റാഈല്‍ സേന പിടിച്ചുകൊണ്ടുപോയ ഡോക്ടര്‍ ഇയാദ് റന്‍തീസി ആറുദിവസത്തിന് ശേഷം 17നാണ് മരിച്ചത്. എന്നാല്‍, ഏഴുമാസം കഴിഞ്ഞ് ഇന്നലെ ഇസ്‌റാഈല്‍ പത്രമായ ഹാരറ്റ്‌സ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് മരണവിവരം പുറംലോകമറിഞ്ഞത്. ഡോ. റന്‍തീസിയെ ജയിലില്‍ വധിച്ചത് സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും ഗസ്സ ഭരണകൂടം ആവശ്യപ്പെട്ടു. വൈദ്യുതാഘാതമേല്‍പിക്കുന്നത് ഉള്‍പെടെ വിവിധ പീഡനങ്ങള്‍ക്ക് അദ്ദേഹത്തെ അധിനിവേശ സൈന്യവും ജയിലര്‍മാരും വിധേയനാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ അല്‍ശിഫ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് വിഭാഗം ഡയറക്ടര്‍ ഡോ. അദ്‌നാന്‍ അല്‍ബര്‍ഷി(53)നെയും ഇസ്‌റാഈല്‍ ജയിലില്‍ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീന്‍കാരെ ഓരോ ദിവസവും അധിനിവേശ സേന തടവിലാക്കുന്നുണ്ടെന്നും പിന്നീട് ഇവരെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിടുന്നില്ലെന്നും ഫലസ്തീന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌റാഈല്‍ തടവറകളിലുള്ള സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കമുളള ഫലസ്തീനികള്‍ ക്രൂരപീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയരാകുന്നതായ ഞെട്ടിക്കുന്ന വിവരങ്ങളാണ് മോചിതരായ തടവുകാരില്‍ നിന്നു ലഭിക്കുന്നതതെന്ന് ഫലസ്തീനി തടവുകാരുടെ മോചനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന ദ ഡിറ്റൈനീസ് ആന്‍ഡ് എക്‌സ് ഡിറ്റൈനീസ് കമ്മിഷനും ഫലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റിയും വ്യക്തമാക്കുന്നു.
499 ആരോഗ്യപ്രവര്‍ത്തകരെയാണ് ഇതുവരെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. കൂടാതെ 310ഓളം പേരെ അന്യായമായി തുറങ്കിലടക്കുകയും ചെയ്തു. ഈ ഹീനവും ക്രൂരവുമായ കുറ്റകൃത്യത്തെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും അന്താരാഷ്ട്ര സ്ഥാപനങ്ങളോടും ഗസ്സ ഭരണകൂടം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."