പൊലിസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന്
തിരുവനന്തപുരം: പൊലീസുകാര്‍ക്ക് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്. പൊലീസുകാര്‍ക്കിടയില്‍ ഇപ്പോള്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊലീസുകാരില്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേരാണ്. ഈ മാസം തന്നെ അഞ്ച് പേര്‍ ആത്മഹത്യ ചെയ്തിരുന്നു.
പൊലീസുകാര്‍ക്കിടയില്‍ ജോലിഭാരം കൂടുതലാണെന്നും ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. അതത് സിറ്റി, ജില്ലാ പരിധികളില്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം. ഇതോടെ കൊച്ചി സിറ്റി പൊലീസും ആലപ്പുഴ ജില്ലാ പൊലീസും കമ്മിറ്റികള്‍ രൂപീകരിച്ചു.
ജോലിയോടൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബത്തിന്റെ ജീവിതവും മെച്ചപ്പെട്ട രീതിയില്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഈ കമ്മിറ്റികളുടെ പ്രധാന ചുമതല. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്.
ജോലിസ്ഥലങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കുന്നതിന് ആവശ്യമായ മാനസിക പിന്തുണയും നല്‍കണം. ജോലിയുടെ ഭാഗമായി ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും അവര്‍ക്കാവശ്യമായ സഹായം നല്‍കുകയും വേണമെന്നും നിര്‍ദേശം. ആലപ്പുഴയില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ പൊലീസ് മേധാവിയാണ്. കമ്മിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ഐ.എം.എ പ്രതിനിധികളുമുണ്ടായിരിക്കും. കൊച്ചിയില്‍ രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡെപ്യൂട്ടി കമ്മീഷണറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."