നീറ്റില്‍ കേന്ദ്രത്തിനും എന്‍.ടിഎക്കും സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: വിവാദമായ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാറിനും പരീക്ഷ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എക്കും നോട്ടിസയച്ച് സുപ്രിം കോടതി. പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് നോട്ടിസ്. ജൂലൈ എട്ടിനകം മറുപടി നല്‍കണമെന്ന് നോട്ടിസില്‍ ആവശ്യപ്പെടുന്നു.
നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന എന്‍.ടി.എയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹരജികള്‍ വീണ്ടും ജൂലൈ എട്ടിന് പരിഗണിക്കും.
അതിനിടെ പരീക്ഷ പേപ്പര്‍ ചോര്‍ന്നെന്ന് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്. പരീക്ഷയുടെ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ ലഭിച്ചെന്നും സമാനമായ ചോദ്യങ്ങളാണ് പരീക്ഷക്ക് ഉണ്ടായതെന്നും ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് മൊഴി നല്‍കിയിരിക്കുന്നത്.
മേയ് അഞ്ചിന് 24 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് പ്രസിദ്ധീകരിച്ചത്. 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയര്‍ന്നു. ചില പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ചവര്‍ക്ക് ഉയര്‍ന്ന റാങ്കുകള്‍ ലഭിച്ചതും സംശയമുയര്‍ത്തി. നീറ്റ് പരീക്ഷയില്‍ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."