HOME
DETAILS

സമസ്തഃ ദീനിന്റെ കാവല്‍ പ്രസ്ഥാനം

  
ശിഹാബുദ്ധീന്‍ അന്‍വരി നെടുങ്ങോട്ടൂര്‍
June 25 2024 | 15:06 PM

Samastah Deen's watch movement

വിശുദ്ധരില്‍ വിശുദ്ധരിലൂടെ ദീന്‍ സ്വീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് കേരളക്കാര്‍. ആ വിശുദ്ധിക്കും തനിമക്കും സംരക്ഷണ കവചമൊരുക്കാന്‍ യോഗ്യരില്‍ യോഗ്യരായ നേതൃത്വത്തെ എല്ലാ കാലത്തും അല്ലാഹു നമുക്ക് നല്‍കിയിട്ടുണ്ട്. അങ്ങനെ നൂറ്റാണ്ടുകളോളം പരിശുദ്ധ ദീന്‍ സംരക്ഷിക്കപ്പെട്ടു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും ദശകങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞു. പാരമ്പര്യ തനിമയോടെ തന്നെ ദീന്‍ സംരക്ഷിക്കപ്പെട്ടു. 1920 കളില്‍ ഉമ്മതിന്റെ ഈമാനും അമലും ഗ്രസിക്കാന്‍ ബിദ്അതിന്റെ കരിനാഗങ്ങള്‍ കടല്‍ കടന്നെത്തി. പാരമ്പര്യ ദീനിന് വിരുദ്ധമായി പാശ്ചാത്യര്‍ ഉല്‍പാദിപ്പിച്ച പുത്തന്‍ ചിന്തകള്‍ അല്പാല്‍പമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ജനങ്ങളുടെ മനസ്സില്‍ നിന്ന് പാരമ്പര്യ ദീന്‍ പതിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നു.

 പ്രതിസന്ധികള്‍ നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഉമ്മതിന്റെ ഈമാനിനും അമലിനും കാവലിരിക്കാന്‍ ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ജൂണ്‍ 26 ന് രൂപീകരിക്കപ്പെട്ട ആദര്‍ശ പ്രസ്ഥാനമാണ് ബഹുമാനപ്പെട്ട 'സമസ്ത കേരള ജംഇയ്യതുല്‍ ഉലമ'. പുത്തനാശയങ്ങളില്‍ നിന്ന് ഉമ്മത്തിനെ സംരക്ഷിക്കുക എന്ന ഉദ്ദേശം 'സമസ്ത' രൂപീകരണത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കും. അത്‌കൊണ്ട് തന്നെ 'ബിദ്അതിനെ തടയുക' എന്നത് സമസ്തയുടെ പ്രഥമ ഉദ്ദേശങ്ങളില്‍ പെട്ടതാണ്. ഇത് ഏതെങ്കിലും കാലത്തേക്കോ പ്രത്യേക സമയത്തേക്കോ മാത്രം ബാധകമായതല്ല. എല്ലാ കാലത്തും എല്ലാ സമയത്തും ഇത് സമസ്തയുടെ ഉദ്ദേശവും ലക്ഷ്യവുമാണ്. രൂപീകരണകാലം മുതല്‍ ഇന്ന് വരെ ആ ലക്ഷ്യം സമസ്ത നിറവേറ്റി കൊണ്ടിരിക്കുകയും ചെയ്യുന്നു. 

 'പരിശുദ്ധ ഇസ്ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്ലുസ്സുന്നതി വല്‍ ജമാഅതിന്റെ യഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, അഹ്ലുസ്സുന്നതി വല്‍ ജമാഅതിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെ കുറിച്ച് മുസ്ലിംകള്‍ക്ക് ബോധം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക'  എന്നത് സമസ്തയുടെ ഉദ്ദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട ചിലത് മാത്രമാണ്. അത് പോലെ തന്നെ 'മുസ്ലിം സമുദായത്തിന് മതപരമായും സാമുദായികമായൂം ഉണ്ടായിരിക്കേണ്ട അവകാശാധികാരങ്ങളെ സംരക്ഷിക്കുക, മുസ്ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മദ്ധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മ്മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം ഇത്യാദികളെ നശിപ്പിച്ച് സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃതിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക' എന്നതും സമസ്തയുടെ ഉദ്ദേശങ്ങളില്‍പെട്ടതാണ്. 

രൂപീകരണോദ്ദേശങ്ങളില്‍ പറയപ്പെട്ട 'സമുദായത്തിന്റെ അവകാശാധികാരങ്ങളെ സംരക്ഷിക്കാന്‍' സമസ്ത ആര്‍ജ്ജവം കാണിക്കുമ്പോള്‍ 'സമസ്ത' വ്യതിചലിച്ചിരിക്കുന്നു എന്ന് വ്യാകുലപ്പെടുന്നവരോട് ഒന്ന് മാത്രമെ പറയാനുളളൂ. സമസ്തയുടെ ഉദ്ദേശ്യങ്ങള്‍ ഒരു തവണയെങ്കിലും 'മനസ്സിലാക്കി വായിക്കുക'. 
കഴിഞ്ഞ കാലമത്രയും 'സമസ്ത കേരള ജംഇയ്യതുല്‍ ഉലമ' ഉമ്മതിന്റെ ഈമാനിന്നും അമലിന്നും കാവലിരുന്നതെങ്ങനെയായിരുന്നു? സംരക്ഷണ കവചമില്ലായിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു? നാം ആത്മാര്‍ത്ഥമായി ചിന്തിച്ച് നോക്കൂ. നമ്മുടെ വിജയത്തിനുള്ള നിദാനം മഹത്തായ ഈ പ്രസ്ഥാനമാണെന്ന് അപ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നതാണ്. ആദ്യ കാലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സമസ്ത ഊന്നല്‍ നല്‍കിയത്. 

പ്രധാനമായും സമ്മേളനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും സമസ്ത ബിദ്അതിനെ പ്രതിരോധിച്ചു. സമസ്തയുടെ തീരുമാനം അതേപടി നടപ്പിലാക്കുന്ന ചുറുചുറുക്കുള്ള കാരണവന്മാര്‍ ഓരോ മഹല്ലുകളിലും  സജീവമായിരുന്നു. സമസ്തയുടെ തീരുമാനം വന്നാല്‍ രണ്ട് വട്ടം ചിന്തിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഈ പണ്ഡിത സഭയുടെ പവര്‍ അവര്‍ക്കറിയാമായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ ബിദ്അതിനെ ഇല്ലായ്മ ചെയ്യാന്‍ സമസ്ത കഠിനമായി പ്രയത്‌നിച്ചു. പിന്നീട് ബിദ്അതിനെതിരെയുള്ള സന്ധിയില്ലാ സമരത്തോടൊപ്പം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും സമസ്ത നേതാക്കള്‍ ആലോചിക്കാന്‍ തുടങ്ങി. നിരന്തര ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം 1951 ല്‍ വിദ്യഭ്യാസ ബോര്‍ഡ് രൂപീകരിച്ചു. വിദ്യഭ്യാസത്തെ കുറിച്ച് സമസ്തയുടെ രൂപീകരണ കാലത്ത് തന്നെ ചര്‍ച്ചയുണ്ടെങ്കിലും വിദ്യഭ്യാസ ബോര്‍ഡിന്റെ പ്രാരംഭ ദശ 1945 ലെ കാര്യവട്ടം സമ്മേളനവും ആ സമ്മേളനത്തില്‍  ഖാഇദുല്‍ഖൗം സയ്യിദ് ബാഫഖി തങ്ങള്‍ (നഃമ) നടത്തിയ പ്രസംഗവുമായിരുന്നു. 


സമസ്ത നേതാക്കള്‍ ബിദ്അതിനെ വളരെ ഗൗരവത്തോടെയായിരുന്നു കണ്ടിരുന്നത്. പെരിന്തല്‍മണ്ണ സമ്മേളനത്തിലെ ആലിമീങ്ങളുടെ സമുചിതമായ തീരുമാനം വളരെ പ്രസക്തവും പ്രസിദ്ധവുമാണ്. സുന്നികള്‍ പുത്തന്‍ പ്രസ്ഥാനക്കാരുമായി ദീനിയ്യായ വിഷയത്തില്‍ വര്‍ത്തിക്കേണ്ട നിലയെപറ്റി ആ തീരുമാനത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമസ്തയുടെ ഓരോ സമ്മേളനങ്ങളിലും ബിദ്അതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കപ്പെട്ടു കൊണ്ടിരുന്നു. സുന്നികളെ സംബന്ധിച്ചിടത്തോളം അത് അവര്‍ക്കുള്ള ഊര്‍ജ്ജമായിരുന്നു.

വിദ്യഭ്യാസ പ്രവര്‍ത്തനത്തില്‍ മാത്രം സമസ്ത ഒതുങ്ങി നിന്നില്ല. ഉദ്ദേശങ്ങളില്‍ പറയപ്പെട്ട പ്രകാരം ആവശ്യാനുസരണം മുസ്ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും അഭിവൃതിക്കും സമസ്ത പരിശ്രമിച്ച് കൊണ്ടേയിരുന്നു. അങ്ങനെ സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, സുന്നീ യുവജന സംഘം, സമസ്ത കേരള സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍, സമസ്ത കേരള സുന്നി ബാലവേദി, സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ തുടങ്ങിയ പോഷക സംഘടനകള്‍ കൃത്യവും വ്യക്തവുമായ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ടു.

മഹത്തായ ഈ പ്രസ്ഥാനം ഇന്ന് നൂറിലേക്കടുക്കുകയാണ്. പ്രസ്ഥാനത്തിന്റെ ജൈത്രയാത്രക്കിടയില്‍ ഉമ്മതിനെ ഗ്രസിക്കുന്ന വഹാബി,മൗദൂദി, കള്ളത്വരീഖത്തുകാര്‍, മത വൃത്തത്തില്‍ നിന്ന് മുസ്ലിംകളെ പുറത്ത് ചാടിക്കാന്‍ പതിനെട്ടടവും പയറ്റുന്ന ഖാദിയാനികള്‍, മതവിരുദ്ധ, മതനിരാസ, ലിബറല്‍ചിന്താ പ്രസ്ഥാനങ്ങള്‍ തുടങ്ങി പലരെയും നിയമാനുസരണം  നേരിടേണ്ടി വന്നിട്ടുണ്ട്. ഉമ്മതില്‍ ആത്മീയ ചൈതന്യം വളര്‍ത്തി കൊണ്ട് സമസ്ത അവരെ യഥാവിധം തടഞ്ഞു നിര്‍ത്തി. സമസ്ത ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സമസ്തയെന്ന സംരക്ഷണ കവചം ഉമ്മതില്‍ നിന്ന് പൊട്ടിച്ചെറിയാന്‍  ഓരോ കാലത്തും ശത്രുക്കള്‍ പരിശ്രമിച്ചിട്ടുണ്ട്. ഒറ്റയായ ശ്രമങ്ങളും കൂട്ടമായ പരിശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. 

കാണാമറയത്തുള്ളതും അല്ലാത്തതുമായ ഫാക്ടറികളില്‍ നിന്ന് പല പദ്ധതികളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നതും നമുക്കറിയാം. ഈ പ്രസ്ഥാനം നിമിത്തം മുസ്ലിം സമൂഹം അറിഞ്ഞും അറിയാതെയും ധാരാളം നന്മകള്‍ അനുഭവിച്ചിട്ടുണ്ട്. അനുഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. പ്രസ്ഥാനത്തെ ഇല്ലാതെയാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ആധുനിക ശത്രുക്കളില്‍ ബഹുഭൂരിഭാഗവും വിദ്യ കരസ്ഥമാക്കിയതിന് പിന്നില്‍ പോലും മഹത്തായ ഈ പ്രസ്ഥാനമാണ്. പാല്‍ കൊടുത്ത കൈക്ക് തന്നെ കൊത്തുന്ന പലരെയും നമുക്കറിയാം. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലുള്ള അസൂയയാണ് കാരണമെന്നത് സുവ്യക്തമാണ്.

മഹത്തായ ഈ പ്രസ്ഥാനത്തിന് സംരക്ഷണ കവചമൊരുക്കാന്‍ ഓരോ കാലത്തും അല്ലാഹു ചിലരെ ഏല്‍പിക്കാറുണ്ട്. അവരെല്ലാം അത് ഒരു 'അമാനതാണെന്ന്' മനസ്സിലാക്കി പ്രവര്‍ത്തിച്ചു. അത് കൊണ്ട് തന്നെ പ്രസ്ഥാനത്തിന്റെ സംരക്ഷണ ഉത്തരവാദിത്വം  ഇത്രയും കാലം വളരെ ഭംഗിയായി നിറവേറ്റപ്പെടുകയും ചെയ്തു. 'മറകള്‍ക്കുള്ളില്‍ നിര്‍മ്മിക്കപ്പെടുന്ന ഇല്ലാക്കഥകള്‍ക്കോ' 'മാനസാന്തരങ്ങളിലെ അസൂയകള്‍ക്കോ' അതിന് പോറലേല്‍പിക്കാന്‍ സാധിച്ചില്ല. 
ഈ കാലത്ത് അതിന് സംരക്ഷണമൊരുക്കുക എന്നത് നമ്മില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വമാണ്. മുന്‍ഗാമികള്‍ നമ്മെ ഏല്‍പിച്ച 'അമാനതാണത്'. അതില്‍ നാം വീഴ്ച വരുത്തിയാല്‍ അല്ലാഹുവിന്റെ മുന്നില്‍ നാം വിയര്‍ക്കേണ്ടി വരും.  പരിശുദ്ധവും പരിഭാവനവുമായ ഈ പ്രഭ കെടുത്താന്‍ തുടക്കം മുതല്‍ക്ക് തന്നെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. എന്തൊക്കെ ചെയ്തിട്ടും ഈ പ്രസ്ഥാനം ഇവിടെ പരിപൂര്‍ണ്ണ ശോഭയോടെ തന്നെ നിലനില്‍കുന്നു. നില നില്‍ക്കുകയും ചെയ്യും. ഒളിഞ്ഞോ തെളിഞ്ഞോ അതിനെതിരെ ആര് കരുക്കള്‍ നീക്കിയാലും ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സാധ്യമല്ല. കാരണം ഇത് ദീനാണ്, സുന്നത് ജമാഅതാണ്, മുസ്തഖീമായ വഴിയാണ്, ദിന്റെ തനതായ രൂപമാണ്. സംരക്ഷണം അല്ലാഹു ഏറ്റെടുത്ത പ്രസ്ഥാനമാണ്. 

ഈ പ്രസ്ഥാനത്തിന്റെ പ്രചാരകരാകുന്നത് ഒരു തൗഫീഖാണ്. അത് എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല.  നമ്മുടെ പ്രാതിനിധ്യമില്ലെങ്കില്‍ ഈ പ്രസ്ഥാനം ഇല്ലാതെയാകും എന്ന മിഥ്യാ ധാരണയുള്ളവര്‍ 'കിണറ്റിലെ തവളകളാണെന്ന്' സ്വയം മനസ്സിലാക്കട്ടെ. മതത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ശത്രുക്കളും ഒരുമിച്ച് നിന്ന് ആഞ്ഞ് വലിച്ചാലും  ഈ പ്രസ്ഥാനത്തെ അല്ലാഹു ഇവിടെ നിലനിര്‍ത്തുക തന്നെ ചെയ്യും.  കാരണം അല്ലാഹു ഏറ്റെടുത്ത പ്രസ്ഥാനമാണിത്. ഇലാഹിയ്യായ പ്രസ്ഥാനം. തൗഫീഖുള്ള പ്രസ്ഥാനം.

പ്രസ്ഥാനത്തിന്റെ കൈ പിടിച്ച് പതിയെ പതിയെ നടക്കാനും പിന്നീട് സ്വയം നടക്കാനും കഴിവ് വന്ന ശേഷം പ്രസ്ഥാനത്തെ പിറകില്‍ നിന്ന് കുത്തുന്നവര്‍ നെഞ്ചത്ത് കൈ വെച്ച് മനസ്സാക്ഷിയോട് ആത്മാര്‍ത്ഥമായൊന്ന് ചോദിക്കുക. 'ഞാന്‍ ഈ ചെയ്യുന്നത് ഒരു മുഅ്മിനിന് യോജിച്ചതാണോ? കാലാകാലം ഇസ്ലാമിന്റെ ശത്രുവായി അറിയപ്പെടുന്നത് കൊണ്ട് തനിക്ക് ശാശ്വതമായ വല്ല നന്മയുമുണ്ടോ? താത്കാലികമായി ലഭിക്കുന്ന ഓഫറുകളില്‍ വഞ്ചിതരായി നശ്വരമായ ദുനിയാവില്‍ പലതും നേടിയെടുക്കാമെങ്കിലും ശാശ്വത പരാജയത്തിന് കാരണമാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബുദ്ധിയുള്ളവനില്‍ നിന്ന് ഉണ്ടാകുമോ?'

 സമസ്തയുടെ ആത്മാര്‍ത്ഥ ഖാദിമുകളായി പ്രവര്‍ത്തിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. ആമീന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  16 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  16 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  17 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  17 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  17 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  18 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  18 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  18 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  18 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  19 hours ago