പെരിയാർ നദിയിലേക്ക് പുലർച്ചെ മാലിന്യം ഒഴുക്കി വിട്ടു; സി.ജി ലൂബ്രിക്കൻ്റ്സ് കമ്പനി അടച്ചുപൂട്ടാൻ ഉത്തരവ്
കൊച്ചി: പെരിയാർ നദിയിലേക്ക് പുലർച്ചെ മാലിന്യം ഒഴുക്കിവിട്ട കമ്പനി അടച്ചുപൂട്ടാൻ ഉത്തരവ്. സി.ജി ലൂബ്രിക്കൻ്റ്സ് എന്ന ഓയിൽ കമ്പനിയാണ് അടച്ചുപൂട്ടുക. റോഡിനടിയിൽ കൂടി പൈപ്പ് സ്ഥാപിച്ചാണ് മാലിന്യം ഒഴുക്കിയത്. കമ്പനി അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള ഉത്തരവ് ഇന്ന് കൈമാറുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് രണ്ട് മണിയോടെ കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കിവിട്ടത്. കനത്ത മഴക്കിടയിലാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. സംഭവം അറിഞ്ഞ് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി.
ഏറെ വിവാദമായ പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം തന്നെയെന്ന് കുഫോസിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. മാലിന്യം തള്ളരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഇതെല്ലം അവഗണിച്ച് മാലിന്യം തള്ളുന്നത് കമ്പനികൾ തുടരുകയാണ് എന്നാണ് പുതിയ സംഭവം ചൂണ്ടിക്കാണിക്കുന്നത്.
വ്യവസായശാലകളില്‍ നിന്നടക്കം പുറന്തള്ളിയ രാസമാലിന്യങ്ങള്‍ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും അമോണിയത്തിന്റെയും കൂടിയ അളവാണ് മത്സ്യങ്ങളുടെ ജീവനെടുത്തത്. എന്നാൽ കുഫോസ് റിപ്പോര്‍ട്ട് അവഗണിച്ച് പി.സി.ബി വാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ മറുപടി നല്‍കിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."