തൊഴില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ യു.എ.ഇയില്‍ ഇനിമുതല്‍ വീഡിയോ കോള്‍ സംവിധാനം
അബൂദബി: യു.എ.ഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മുഹ്ര്) വീഡിയോ കോള്‍ സംവിധാനം ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക സ്മാര്‍ട് ആപ്ലിക്കേഷനിലും വാട്‌സാപ്പിലുമാണ് വീഡിയോ കോള്‍ സേവനത്തിന് തുടക്കമായത്. മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളെ കുറിച്ചും അന്വേഷിക്കാനും കണ്‍സള്‍ട്ടന്റുമാരുമായി വീഡിയോ കോളുകള്‍ വഴി പിന്തുണ സ്വീകരിക്കാനും ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.
ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് വഴിയോ വാട്‌സാപ്പിലൂടെയോ 'സ്ഥാപനങ്ങളും തൊഴിലാളികളും' അല്ലെങ്കില്‍, 'ഗാര്‍ഹിക തൊഴിലാളികള്‍' എന്ന ഓപ്ഷന് കീഴിലുള്ള സേവനം നേടാന്‍ കഴിയും. ഔദ്യോഗിക പ്രവൃത്തി ദിനങ്ങളായ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3.00 വരെയും, വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12.00 വരെയും ഈ സേവനം ലഭ്യമാണ്.
പുതിയ സേവനം വിപുലീകരിക്കുന്നതും സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഫോമുകള്‍ വഴി ഇത് സമാരംഭിക്കുന്നതും മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിലെ തങ്ങളുടെ സേവന തന്ത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയത്തിലെ കസ്റ്റമര്‍ റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ഹുസൈന്‍ അല്‍ അലീലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മന്ത്രാലയം വിവിധ മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കളുമായി 50 ദശലക്ഷത്തിലധികം ആശയ വിനിമയ സേവനങ്ങള്‍ നിര്‍വഹിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."