അവിശ്വസനീയ അട്ടിമറി; 74 ാം റാങ്കുള്ള ജോര്‍ജിയയോട് പോര്‍ച്ചുഗള്‍ 'ബി' ടീം 2 ഗോളിന് തോറ്റു
ബെര്‍ലിന്‍: യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഇന്ന് പുലര്‍ച്ചെ സംഭവിച്ചിരിക്കുന്നു. കിരീട ഫേവറിറ്റുകളായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഫിഫ റാങ്കിങ്ങില്‍ 74ാം സ്ഥാനത്തുള്ള ജോര്‍ജിയയോട് തോറ്റിരിക്കുന്നു, അതും രണ്ട് ഗോളിന്. മുന്‍ ചാമ്പ്യന്‍മാരായ പറങ്കിപ്പടക്ക് ഒരുഗോള്‍ പോലും തിരിച്ചടിക്കാന്‍ കഴിയാതിരുന്നതോടെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ 2- 0.! സംഭവിച്ചതാകട്ടെ ജോര്‍ജിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയവും. ഈ യൂറോകപ്പിലാകട്ടെ ഇതുവരെ ക്രിസ്റ്റ്യാനോക്ക് ഗോളടിക്കാന്‍ കഴിഞ്ഞിട്ടുമില്ല.
വിജയം ഉറപ്പായതിനാല്‍ ക്രിസ്റ്റ്യാനോയും ജാവോ ഫെലിക്‌സും മാത്രമാണ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച പ്രധാനതാരങ്ങള്‍. റൂയി പാട്രിഷ്യ, റൂബന്‍ ഡയസ്, ബ്രൂണോ ഹെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, നൂനോ മെന്‍ഡിസ്, പെപ്പെ തുടങ്ങിയ മുന്‍നിര താരങ്ങളെ ഇന്നലെ കളിപ്പിച്ചതേയില്ല. ഫസ്റ്റ് ഇലവനില്‍ ഇറക്കാതിരുന്ന റാമോസിനെയും നൂനസിനെയും റൂബന്‍ നെവസിനെയും ജോട്ടയെയും പിന്നീട് സബ് ആയി ഇറക്കുകയായിരുന്നു.
സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തിയുള്ള കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ തന്ത്രം അപ്പടി പിഴച്ചു. കളിതുടങ്ങിയതോടെ, ടീമിന്റെ വിജയം ആഘോഷിക്കാനെത്തിയ പറങ്കി ആരാധകരും സാക്ഷാല്‍ റോബര്‍ട്ടോ മാര്‍ട്ടിനസും ഞെട്ടി. രണ്ടാം മിനുറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ വല കുലുങ്ങി. പോര്‍ച്ചുഗലിന്റെ അന്റോണിയോ സില്‍വയുടെ പിഴവ് മുതലെടുത്തായിരുന്നു ഗോള്‍. സില്‍വ പിറകിലേക്കു നല്‍കിയ പാസ് ഞൊടിയിടയില്‍ സ്വന്തമാക്കിയ ജോര്‍ജിയന്‍ താരം മികോട്ടഡ്‌സെ, ഇടതുവശത്ത് കുതിച്ചെത്തിയ ക്വാരത്‌സ്‌ഖെലിയക്ക് പാസ് നല്‍കി. താരം ഇത് പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചകറ്റി. അഡ്വാന്‍സ് ചെയ്ത പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയ്ക്ക് തൊടാന്‍പോലും കഴിഞ്ഞില്ല, 1- 0.
ഗോള്‍മടക്കാന്‍ പറങ്കിപ്പട പതിനെട്ടടവും പയറ്റുന്നതിനിടെ പോര്‍ച്ചുഗലിന്റെ വല വീണ്ടും കുലുങ്ങി. പെനാല്‍റ്റിയിലൂടെ 57ാം മിനുറ്റില്‍ ജോര്‍ജസ് ആണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഈ ഗോളിലും അന്റോണിയോ സില്‍വ വില്ലനായി. ബോക്‌സിനുള്ളില്‍വച്ച് ജോര്‍ജിയയുടെ ലോക്കോഷ്‌വിലിയില്‍നിന്ന് പന്ത് കൈവശപ്പെടുത്താനെത്തിയ സില്‍വക്ക് പിഴച്ചു. ലോക്കോഷ്‌വിലിയെ ഫൗള്‍ ചെയ്തതിന് റെഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത മിക്കോട്ടഡ്‌സെക്ക് പിഴച്ചില്ല, 2- 0.
മഞ്ഞക്കാര്‍ഡ് ലഭിച്ച ക്രിസ്റ്റ്യാനോയെ 65ാം മിനിറ്റില്‍ പ്രിന്‍വലിച്ച് യുവതാരം ഗോണ്‍സാലോ റാമോസിനെ ഇറക്കിയുള്ള പരീക്ഷണവും വിജയിച്ചില്ല. ജയത്തോടെ ടൂര്‍ണമെന്റിലെ ആദ്യ ഊഴത്തില്‍ തന്നെ ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍ കടക്കുകയുംചെയ്തു.
Georgia vs Portugal Euro 2024 highlights: GEO 2-0 POR; Georgia upsets Ronaldo’s Portugal, goes through to last-16
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."