മഴയില്‍ കുതിച്ചുചാടി വെള്ളച്ചാട്ടങ്ങള്‍; സഞ്ചാരികളുടെ മനംനിറച്ച് സീതാര്‍കുണ്ട്
കൊല്ലങ്കോട്: മഴ ശക്തമായതോടെ തെന്മലയില്‍ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. വെള്ളാരന്‍ കടവിലെ കുരങ്ങ് തോട് മുതല്‍ എലവഞ്ചേരി വളവടിയിലെ നീര്‍ച്ചാട്ടക്കുന്ന് വരേയുള്ള 14 വെള്ളച്ചാട്ടങ്ങളാണ് തെന്മലയില്‍ വീണ്ടും കുതിച്ചു ചാടുന്നത്. പലകപ്പാണ്ടി, സീതാര്‍കുണ്ട്, വെള്ളരി മേട്, നിന്നുകുത്തി, ചുക്രിയാല്‍, പാത്തിപ്പാറ, പാത്തിപ്പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ സജീവമായി ഒഴുകുന്നത് ആറ് കി.മീ ദൂരപരിധിയില്‍ തന്നെ കാണാന്‍ സാധിക്കുന്നതിനാല്‍ പ്രാദേശിക വിനോദ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.
കാടിന്റെ വന്യതയും പ്രകൃതിയുടെ സൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന സീതാര്‍കുണ്ടില്‍ സഞ്ചാരികളുടെ തിരക്കെത്തിക്കഴിഞ്ഞു. ഇവിടുത്തെ പ്രധാന ആകര്‍ഷണം സീതാര്‍കുണ്ട് വെള്ളച്ചാട്ടമാണ്. മഴ കുറവാണെങ്കിലും ഒഴുക്കില്‍ കുറവൊട്ടും വരുത്താതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സീതാര്‍കുണ്ട് വെള്ളച്ചാട്ടം ശക്തമായ മഴ കൂടി ലഭിച്ചതോടെ കുതിച്ചുചാടുകയാണ്.
നെല്ലിയാമ്പതിയില്‍നിന്നു അഞ്ച് കി.മീ സഞ്ചരിച്ചാല്‍ സീതാര്‍കുണ്ടിലെത്താം. ഇവിടെനിന്ന് നോക്കിയാല്‍ ദൂരെയായി ചുള്ളിയാര്‍, മീങ്കര എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് ടൗണും കാണാം. സീതാര്‍കുണ്ട് ഭാഗത്തു വാച്ച് ടവര്‍ സ്ഥാപിക്കുകയാണെങ്കില്‍ ചുള്ളിയാര്‍, മീങ്കര, കമ്പാലത്തറ ഡാമുകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും സഞ്ചാരികള്‍ക്കു കഴിയും. വന്യജീവികളുടെ സാന്നിധ്യവും ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.
കടുത്ത വേനല്‍ നിലനില്‍ക്കുന്ന സമയത്തും സീതാര്‍കുണ്ടില്‍ ചെറിയ തോതിലെങ്കിലും വെള്ളച്ചാട്ടം ഉണ്ടാവുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ നിയന്ത്രണമില്ലാതെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നത് അപകടത്തിനിടയാക്കുന്നുമുണ്ട്. ഈ മേഖലയെ വിനോദസഞ്ചാര വകുപ്പിനു കീഴിലാക്കുകയാണെങ്കില്‍ ഇവിടേക്കു സഞ്ചാരികള്‍ക്കു സുരക്ഷിതമായെത്തി കാഴ്ച കാണുന്നതിനു സൗകര്യമൊരുക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."