കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിന് തിരിച്ചടി; പാർട്ടിയെ ഇ.ഡി പ്രതി ചേർത്തു, സ്വത്തുക്കളും കണ്ടുകെട്ടി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന് പിന്നാലെ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്റെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍. പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ 8 അക്കൗണ്ടുകളാണ് ആകെ കണ്ടുകെട്ടിയത്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ 2 അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് മരവിപ്പിച്ചത്.
സിപിഎമ്മിൽനിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്.
അതേസമയം, സ്വത്ത് കണ്ടുകെട്ടിയത് സംബന്ധിച്ച് ഇ.ഡിയുടെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ് പറഞ്ഞു. ഔദ്യോഗിക അറിയിപ്പ് വന്നതിന് ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."