16 രൂപ മുതല്‍ ഡാറ്റ പ്ലാനുകള്‍; റീച്ചാര്‍ജ് വര്‍ധനവില്‍ പേടി വേണ്ട, ബി.എസ്.എന്‍.എല്ലിലേക്ക് ഇങ്ങനെ പോര്‍ട്ട് ചെയ്യാം
ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ട്ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവര്‍ പ്രഖ്യാപിച്ച മൊബൈല്‍ റീചാര്‍ജ് പ്ലാനുകളുടെ നിരക്ക് വര്‍ധന ജൂലൈ 3,4 തിയ്യതികളിലായി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ടെലികോം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫുകള്‍ ഉയര്‍ത്തിയത്. പ്രത്യേകിച്ച് പ്രതിമാസ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
അതേസമയം, സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചെങ്കിലും പൊതുമേഖലയിലുള്ള ഏക ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ഇതുവരെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. അഥവാ ഇനി നിരക്ക് വര്‍ധിപ്പിച്ചാലും സ്വകാര്യ കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ബി.എസ്.എന്‍.എല്‍ താരിഫ് പ്രഖ്യാപിക്കുക. അതുകൊണ്ട് തന്നെ നിരവധി സ്വകാര്യ ടെലികോം ഉപഭോക്താക്കളാണ് ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്.
പലയിടങ്ങളിലും ബി.എസ്.എന്‍.എല്ലിന് 4ജി ലഭ്യമല്ലെങ്കിലും നിരവധി പേര്‍ ബി.എസ്.എന്‍.എല്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടത്തുന്നുണ്ട്.
200 രൂപയില്‍ താഴെയുള്ള നിരവധി ഇന്റര്‍നെറ്റ് ഡേറ്റ, വോയിസ് പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ നല്‍കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റീചാര്‍ജ് പ്ലാനുകള്‍ എസ്ടിവി-118, എസ്ടിവി-153, എസ്ടിവി-199 എന്നിവയാണ്.
എസ്ടിവി-118 എന്ന പ്ലാനില്‍ 20 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് കോളും 10 ജിബി ഡേറ്റയും ലഭിക്കുമ്പോള്‍ എസ്ടിവി-153 പ്ലാനില്‍ 26 ദിവസത്തെ വാലിഡിറ്റിയും 26 ജിബി ഡേറ്റയും ദിവസേന 100 എസ്.എം.എസ് എന്നീ സേവനങ്ങളാണ് ലഭിക്കുക. എസ്ടിവി-199 റീചാര്‍ജ് പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റിയും ദിവസേന 2 ജിബി ഡേറ്റയും 100 എസ്എംഎസ് വീതവും ലഭിക്കുന്നുണ്ട്.
എസ്ടിവി-97 എന്ന ഓഫറില്‍ 15 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസേന 2 ജിബിയും ലഭിക്കും. 98 രൂപയുടെ ഡേറ്റസുനാമി98 എന്ന പ്ലാനില്‍ 18 ദിവസത്തേക്ക് 2 ജിബി ഡേറ്റ പ്രതിദിനം ഉപയോഗിക്കാം.
151 രൂപയുടെ ഡേറ്റ ഡബ്ല്യുഎഫ്എച്ച്-151 എന്ന ഓഫറില്‍ 30 ദിവസത്തേക്ക് 40 ജിബി ഡേറ്റയും അതുപോലെ 198 രൂപയുടെ ഡേറ്റഎസ്ടിവി-198 എന്ന പ്ലാനിന് കീഴില്‍ 40 ദിവസത്തേക്ക് 2 ജിബി മൊബൈല്‍ ഡേറ്റ പ്രതിദിനം ഉപയോഗിക്കാന്‍ സാധിക്കും.
നമ്പര്‍ മാറ്റാതെ ഏങ്ങനെ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യാം
പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന നമ്പറില്‍ നിന്ന് യുണീക് പോര്‍ട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യുക.
യുപിസി കോഡ് ലഭിക്കാന്‍ 'Port 10-അക്ക മൊബൈല്‍ നമ്പര്‍' എന്ന ഫോര്‍മാറ്റില്‍ 1900-ലേക്ക് എസ്എംഎസ് അയക്കുക
ഉടന്‍ യു.പി.സിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന ഒരു മെസേജ് ലഭിക്കും. എംഎന്‍പിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതല്‍ 15 ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും.
തുടര്‍ന്ന് അടുത്തുള്ള ബിഎസ്എന്‍എല്‍ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ റീട്ടെയിലര്‍ ഔട്ട്‌ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോയി എംഎന്‍പി ആരംഭിക്കുന്നതിന് ഒരു കസ്റ്റമര്‍ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം.
ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതാണ്.
ഡിജിറ്റല്‍ KYC ചെയ്തുകഴിഞ്ഞാല്‍ പുതിയ ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ലഭിക്കും.
എംഎന്‍പി റിക്വസ്റ്റ് അംഗീകാരിച്ച ശേഷം പോര്‍ട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും.
നിലവിലുള്ള നെറ്റ്വര്‍ക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാല്‍ പുതിയ സിം കാര്‍ഡ് ഫോണില്‍ ഇടുക.
സംശയങ്ങള്‍ക്ക് 1800-180-1503 എന്ന ബി.എസ്.എന്‍.എല്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാവുന്നതാണ്.
പുതിയ നിയമപ്രകാരം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചുകഴിഞ്ഞാല്‍ സിം ആക്ടിവ് ആകുവാന്‍ 7 ദിവസത്തില്‍ കൂടുതല്‍ സമയമെടുത്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."