നരഹത്യയുടെ ഒമ്പത് മാസം; ഇപ്പോഴും അഭയം തേടിയുള്ള ഓട്ടത്തിലാണ് ഫലസ്തീനികള്‍
ഗസ്സ: ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയിട്ട് 9 മാസം പൂര്‍ത്തിയായിരിക്കുന്നു. അഭയം തേടിയുള്ള ഒരു ജനതയുടെ ഓട്ടവും ഒമ്പത് മാസം പിന്നിട്ടിരിക്കുന്നു. ഒമ്പത് മാസം പിന്നിടുന്ന ഇന്നലേയും അവര്‍ ഓട്ടത്തിലാണ്. ഒഴിഞ്ഞു പോകണമെന്ന സയണിസ്റ്റ് ഭീകരരുടെ ഭീഷണിക്കു മുന്നില്‍ കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ചുള്ള ഓട്ടത്തില്‍.
ഫലസ്തീനികള്‍ക്കു നേരെയുള്ള ആക്രമണവും ഇസ്‌റാഈല്‍ അവസാനിപ്പിച്ചിട്ടില്ല. അഭയാര്‍ഥികളെ പാര്‍പ്പിച്ച യു.എന്‍ സ്‌കൂളിന് നേരെ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. അല്‍നുസൈറത്ത് അഭയാര്‍ഥി ക്യാംപിനോട് ചേര്‍ന്നുള്ള യു.എന്‍ സ്‌കൂളിലായിരുന്നു ആക്രമണം. 50 പേര്‍ക്ക് പരുക്കേറ്റതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് ഗസ്സ സിവില്‍ എമര്‍ജന്‍സി സര്‍വിസ് വക്താവ് മഹമൂദ് ബാസല്‍ പറയുന്നത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗസ്സയിലെവിടെയും സുരക്ഷിതമായ പ്രദേശമില്ലെന്നും എല്ലായിടത്തും ആക്രമണം ശക്തമാണെന്നും അദ്ദേഹം പറയുന്നു.
ജൂലൈ ഏഴിന് മാത്രം 29 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 100 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച 5 മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 7 മുതല്‍ ഇന്നലെ വരെ 158 മാധ്യമപ്രവര്‍ത്തകരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്.
ഗസ്സയില്‍ 9 മാസത്തിനിടെ 3,300 കൂട്ടക്കൊലകളാണ് ഇസ്‌റാഈല്‍ നടത്തിയത്. ഇതുവരെ 38,153 പേര്‍ കൊല്ലപ്പെട്ടു. 87,828 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്‌റാഈലിനെ ഞെട്ടിച്ച് ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ വ്യാപകമായി ആക്രമണം നടത്തുകയും ഇതിന്റെ മറവില്‍ വംശഹത്യ നടപ്പാക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."