പി.എസ്.സി അംഗമാകുന്നതിന് കോഴ: പരാതി തള്ളാതെ മുഖ്യമന്ത്രി ; മുഖംരക്ഷിക്കാൻ ഏരിയാ കമ്മിറ്റി അംഗത്തെ നീക്കും
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കിയ പി.എസ്.സി കോഴ ആരോപണത്തിൽ നിന്ന് മുഖംരക്ഷിക്കാൻ ഏരിയാ കമ്മിറ്റി അംഗത്തെ നീക്കും. സി.പി.എം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടി പദവിയിൽ നിന്നും സി.ഐ.ടി.യു ഭാരവാഹിത്വത്തിൽ നിന്നും നീക്കാനാണ് സി.പി.എം തീരുമാനം.
പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതി വെറും സാമ്പത്തിക തട്ടിപ്പാണെന്നും മറ്റു നേതാക്കൾക്ക് പങ്കില്ലെന്നുമാണ് പാർട്ടി കണ്ടെത്തൽ. പണംവാങ്ങി പി.എസ്.സി അംഗങ്ങളെ നിയമിക്കുന്ന രീതി സി.പി.എമ്മിനില്ലെന്നും തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിട്ടുണ്ട്.
വിഷയം ചർച്ചചെയ്യാനായി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഇന്നലെ ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവച്ചതായാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ച നാലംഗ കമ്മിഷൻ കോഴ വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കിയിരുന്നു. കമ്മിഷൻ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇക്കാര്യം പുറത്തറിയാതെ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ സജീവമായി നടന്നെങ്കിലും സാധിച്ചില്ല.
അതേസമയം, കോഴ ആരോപണം മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരേ തിരിച്ചുവിടാൻ ഒരുവിഭാഗം ശ്രമിച്ചിരുന്നു. റിയാസിന്റെ പേര് പറഞ്ഞുകൊണ്ടാണ് കോഴ വാങ്ങിയതെന്നായിരുന്നു ആരോപണം. എന്നാൽ, റിയാസിനെതിരേ യാതൊരു അന്വേഷണവും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നാണ് പാർട്ടിയിൽ നിന്നുള്ള വിവരം.
പരാതി തള്ളാതെ മുഖ്യമന്ത്രി
പി.എസ്.സി അംഗമായി നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയിൽ. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴിവിട്ടരീതിയിൽ ഒന്നും നടക്കാറില്ലെന്നും നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അംഗത്വ നിയമനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടിയുണ്ടാകും. ചോദ്യോത്തരവേളയിൽ പി.എസ്.സിയെ സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടി പറയവേ കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന എൻ. ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."