കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്‌സാമിന് ഒരുങ്ങാം
കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്കുള്ള സുവർണാവസരമാണ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (CGL) പരീക്ഷ. ഗ്രൂപ്പ് ബി, സി കാറ്റഗറികളിൽപ്പെടുന്ന 34 തസ്തികകളിലായി 17,727 ഒഴിവുകൾ നിലവിലുണ്ട്. കേന്ദ്രസർക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണ് നിയമനം.
ഇന്റലിജൻസ് ബ്യൂറോ, ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റ്, റെയിൽവേ, വിദേശകാര്യ മന്ത്രാലയം, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ്, ഇൻകം ടാക്‌സ് & കസ്റ്റംസ, സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, എൻ.ഐ.എ, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്,സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം, ദേശീയ മനുഷ്യാവകാശ മന്ത്രാലയം, മിലിറ്ററി എൻജിനീയറിങ് സർവിസ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
യോഗ്യത
അംഗീകൃത സർവകലാശാലകളിൽനിന്ന് നേടിയ ബിരുദമാണ് യോഗ്യത. 2024 ഓഗസ്റ്റ് ഒന്നിനുള്ളിൽ ബിരുദം നേടിയിരിക്കണം. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ തസ്തികയ്ക്ക് ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച ബിരുദമോ പ്ലസ് ടുവിൽ മാത്തമാറ്റിക്‌സിൽ 60% മാർക്ക് നേടിയ ശേഷം ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമോ വേണം. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തികയിലേക്ക് ബിരുദപഠനത്തിന്റെ എല്ലാ സെമസ്റ്ററുകളിലും സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. നാഷനൽ ഹ്യൂമൻ റൈറ്റ്‌സ് കമ്മിഷനിൽ റിസർച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് ഒരു വർഷത്തെ റിസർച്ച് പരിചയം വേണം. ഹ്യൂമൻ റൈറ്റ്‌സ് / നിയമ മേഖലയിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. വിവിധ തസ്തികകളിലേക്ക് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.
പരീക്ഷ
ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ടയർ-1 പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും ടയർ-2 പരീക്ഷ ഡിസംബറിലും നടക്കും. ടയർ 1 പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് & റീസണിംഗ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലിഷ് കോംപ്രിഹെൻഷൻ വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 100 ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യത്തിനും രണ്ട് മാർക്ക്, ആകെ 200 മാർക്ക്. തെറ്റുത്തരത്തിന് 0.5 മാർക്ക് നഷ്ടപ്പെടും. ഒരുമണിക്കൂറാണ് പരീക്ഷ.
ഇതിൽ യോഗ്യത നേടുന്നവരെ 'ടയർ-2' പരീക്ഷയ്ക്ക് ക്ഷണിക്കും. ടയർ-2 പരീക്ഷയിൽ പേപ്പർ I , പേപ്പർ II എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. പേപ്പർ I എല്ലാ തസ്തികകളിലേക്കും ബാധകമാണ്. പേപ്പർII, സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ (JSO) തസ്തികകക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഫിസിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് -2 തസ്തികയിലേക്കും അപേക്ഷിക്കുന്നവർക്ക് മാത്രം.
പേപ്പർ 1ൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിങ് & ജനറൽ ഇന്റലിജൻസ്, ഇംഗ്ലിഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ, ജനറൽ അവെയർനസ് വിഷയങ്ങളിലായി 130 ചോദ്യങ്ങൾ. പരമാവധി 390 മാർക്ക്. രണ്ടുമണിക്കൂറാണ് പരീക്ഷ. ഇതിനു പുറമേ കംപ്യൂട്ടർ നോളജ് പരീക്ഷ(20 ചോദ്യങ്ങൾ,60 മാർക്ക്), ഡേറ്റ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവയുമുണ്ടാകും. പേപ്പർ II ൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ 100 ചോദ്യങ്ങളടങ്ങിയ രണ്ടു മണിക്കൂർ പരീക്ഷയാണ്. ആകെ 200 മാർക്ക്.
അപേക്ഷ
ജൂലൈ 24 രാത്രി 11നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വൺടൈം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്തവർ അതു ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. ഓഗസ്റ്റ് 10, 11 തീയതികളിൽ അപേക്ഷയിലെ അപാകതകൾ തിരുത്താൻ അവസരം ലഭിക്കും. ഇതിന് നിശ്ചിത ഫീസ് അടയ്‌ക്കേണ്ടി വരും. കേരളക്കാർക്ക് എറണാകുളം, കൊല്ലം, കോഴിക്കോട് ,കോട്ടയം,തിരുവനന്തപുരം, തൃശ്ശൂർ, ബെംഗളൂരു, മൈസൂർ, മംഗലാപുരമടക്കം 14 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. അപേക്ഷയിൽ മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ സൂചിപ്പിക്കണം. വിവിധ തസ്തികകളുടെ വിശദാംശങ്ങൾ, ശാരീരിക യോഗ്യത, പരീക്ഷാ സിലബസ് തുടങ്ങിയ വിവരങ്ങളടങ്ങിയ പ്രോസ്പക്ടസ് ssc.gov.in ൽ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."