ആഘോഷങ്ങൾ കെട്ടടങ്ങി; ഒരാൾ പോലുമില്ലാതെ യാത്ര മുടങ്ങി നവകേരള ബസ്, രണ്ട് ദിവസമായി കട്ടപ്പുറത്ത്
കോഴിക്കോട്: സംസ്ഥാന സർക്കാർ ആഘോഷമാക്കി പുറത്തിറക്കിയ നവകേരള ബസ് കട്ടപ്പുറത്തേക്ക്. ഒരാൾ പോലും യാത്ര ബുക്ക് ചെയ്യാതായതോടെയാണ് സർവിസ് മുടങ്ങി ബസ് കിടക്കുന്നത്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ദിനംപ്രതി സർവിസ് എന്ന നിലയിൽ ആരംഭിച്ച ബസാണ് ആളില്ലാത്തതിനെ തുടർന്ന് സർവിസ് മുടങ്ങിയത്. ഇതേതുടർന്ന് രണ്ട് ദിവസമായി ബസ് സർവിസ് നടത്തിയില്ല.
സംസ്ഥാന സർക്കാർ മേയ് അഞ്ചു മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ബസ് ആരംഭിച്ചത് ഏറെ കൊട്ടിഘോഷിച്ച് ബസിന്റെ ഉദ്‌ഘാടനവും നടത്തിയിരുന്നു. എന്നാൽ സർവിസ് രണ്ട് മാസത്തിനകം തന്നെ ആളില്ലാത്ത അവസ്ഥയിലാണ്. നിരവധി ബസുകൾ ഇതേറൂട്ടിൽ നിറയെ ആളുകളുമായി സർവിസ് നടത്തുമ്പോഴാണ് നവകേരള ബസ് ആളില്ലാതെ കിടക്കുന്നത്. സംഭവത്തിൽ, ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് ബസിന്റെ ചുമതലയുള്ള കെഎസ്ആർടിസി നൽകുന്ന വിശദീകരണം.
ആളില്ലാത്തതിനെ തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവിസ് ആണ് മുടങ്ങിയത്. ഏറെ സൗകര്യങ്ങൾ ഉണ്ടായിട്ടും ബസിന് ആളില്ലാത്തത് കെഎസ്ആർടിസിയെ കുഴക്കുന്നുണ്ട്. മികച്ച 26 പുഷ് ബാക്ക് സീറ്റുകൾ, ആധുനിക രീതിയിൽ എസി, ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി, വാഷ്ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ തുടങ്ങി ഏറെ സൗകര്യങ്ങൾ ഉള്ള ബസാണ് നവകേരള ബസ്. എന്നിട്ടും ആളില്ലാത്തതാണ് സ്ഥിതി. എന്നാൽ ഇതിന്റെ പകുതി പോലും സൗകര്യമില്ലാത്ത ബസുകൾ ഫുൾ ലോഡുമായി ദിനംപ്രതി സർവിസ് നടത്തുന്നുണ്ട്.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളത്തിൽ സഞ്ചരിച്ച ബസായിരുന്നു ഇത്. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ബസ് സർക്കാരിന്റെ അഭിമാന സ്തംഭം കൂടിയാണ്. അതിനാൽ ഈ ബസ് പൂർണമായി കട്ടപ്പുറത്താകാതെ നോക്കേണ്ടത് സർക്കാരിന്റെ കൂടി ബാധ്യതയായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."