മഴ ശക്തം; വയനാട് ജില്ലയിലും അവധി പ്രഖ്യാപിച്ചു, ആകെ ഏഴ് ജില്ലകളിൽ അവധി
വയനാട്: സംസ്ഥാനത്തെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലും മാഹിയിലും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. കോളേജുകൾക്ക് അവധി ബാധകമല്ല.
'വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് (15-07-2024, തിങ്കൾ) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.' ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
വയനാട്ടിൽ ഇന്നലെ മുതൽ ശക്തമായ മഴ പെയ്യുകയാണ്. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ മേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
അതേസമയം, ആറ് ജില്ലകളിൽ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാൽ, കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍, മദ്‌റസകൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല.
മദ്‌റസകൾക്കും അവധി
കലക്ടർ അവധി പ്രഖ്യാപിച്ച ആറു ജില്ലകളിലെ എസ്.കെ.ഐ.എം.വി ബോർഡിന് കീഴിലുള്ള മദ്‌റസകൾക്കും അവധി ആയിരിക്കുമെന്ന് ചേളാരി ഓഫിസിൽ നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."