കെ.പി.സി തങ്ങള്‍: അണഞ്ഞത് അഹ്‌ലുബൈത്തിൽ നിന്നുള്ള വിളക്കുമരം
പാലക്കാട്: സയ്യിദ് കെ.പി.സി തങ്ങളുടെ വിയോഗത്തോടെ സമസ്തയ്ക്കും സമുദായത്തിനും നഷ്ടമായത് അഹ് ലു ബൈത്തിലെ പണ്ഡിത ശ്രേഷ്ഠനെ. കൊടിഞ്ഞി പള്ളിയിൽ ഖാസിയായിരുന്ന സയ്യിദ് അഹ്‌മദ് ബുഖാരിയുടെ വംശപരമ്പരയിൽപ്പെട്ടയാളാണ് കെ.പി.സി തങ്ങൾ. ഫാത്തിമ ബീവിയിൽ തുടങ്ങി സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ ബുഖാരി വല്ലപ്പുഴ വരെയുള്ള പരമ്പരയിലെ നാൽപത്തിയൊന്നാം കണ്ണിയാണ് കെ.പി.സി തങ്ങൾ.
കൊടിഞ്ഞിയിൽ സ്ഥിരതാമസമാക്കിയ ശേഷമാണ് തുടർ തലമുറ കൊടിഞ്ഞി പള്ളിക്കൽ എന്ന വിലാസത്തിലറിയപ്പെട്ടത്. പ്രാഥമിക പഠനം കൊളത്തൂരിലെ ജവാഹിറുൽ ഉലൂം മദ്രസയിലും എ.എം.എൽ.പി സ്‌കൂളിലുമായിരുന്നു.
വാപ്പു മുസ്്ലിയാർ പൈലിപ്പുറം, കെ.കെ സയ്താലി മുസ്്ലിയാർ വണ്ടുംതറ, പി. പി അബ്ബാസ് മുസ്്ലിയാർ വണ്ടുംതറ, കെ.സി ജമാലുദ്ദീൻ മുസ്്ലിയാർ, കെ.കെ അബൂബക്കർ ഹസ്രത്ത്, കോട്ടുമല അബൂബക്കർ മുസ്്ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്്ലിയാർ തുടങ്ങിയവർ പ്രധാന ഗുരുക്കൻമാരാണ്.
ചെറുപ്പം മുതലേ സമസ്തക്കായുള്ള സേവനങ്ങളിൽ മുഴുകിയ അദ്ദേഹം 2008 ലാണ് സമസ്ത കേന്ദ്രമുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കർമവീഥിയിൽ പ്രഗൽഭ പണ്ഡിതരുടെ ശിഷ്യനാകാനും ഇന്നത്തെ ഒട്ടേറെ പണ്ഡിതരുടെ ഗുരുവര്യരാകാനും അദ്ദേഹത്തിന് കഴിഞ്ഞു. മക്കളെയും പേരമക്കളെയും പണ്ഡിതരാക്കുകയെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയാണ് അദ്ദേഹം മടങ്ങിയത്.
മൂന്ന് മക്കളിൽ രണ്ടുപേർ ഫൈസിയും ഒരാൾ ഹുദവിയുമാണ്. പേരമക്കളും വിവിധ പണ്ഡിത ബിരുദ വിദ്യാർഥികളാണ്.
പ്രവാചക പാരമ്പര്യചികിത്സാ രീതികളിലും പ്രാഗൽഭ്യം തെളിയിച്ച അദ്ദേഹം പകർന്നു കിട്ടിയ അറിവിനെ തൊഴിലായി സ്വീകരിച്ചില്ല. സേവന മാതൃകയിൽ ചികിത്സാരീതികളുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."