കെ.എസ്.ഇ.ബി: നിർമാണച്ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന്; സിവിൽ-ഇലക്ട്രിക്കൽ ശീതസമരം രൂക്ഷമാകും
തൊടുപുഴ: സിവിൽ വൈദഗ്ധ്യം അനിവാര്യമായ പദ്ധതികളുടെ നിർമാണച്ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് നൽകിയതോടെ കെ.എസ്.ഇ.ബിയിൽ സിവിൽ-‐ഇലക്ട്രിക്കൽ വിഭാഗങ്ങൾ തമ്മിലുള്ള ശീതസമരം രൂക്ഷമാകും. ചീഫ് എൻജിനീയർ (റീസ്) എന്ന പദവിയുടെ പേര് മാറ്റി ചീഫ് എൻജിനീയർ (പ്രൊജക്ട്‌സ്) എന്നാക്കി പദ്ധതികളുടെ ചുമതല കൈമാറാനാണ് കെ.എസ്.ഇ.ബി തീരുമാനം.
ഹൈഡൽ, വിൻഡ്, പമ്പ്ഡ് സ്റ്റോറേജ്, സോളാർ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഇനി പ്രൊജക്ട്‌സ് ചീഫ് എൻജിനീയർക്കായിരിക്കും. പുതിയ തീരുമാനം മുൻ സർക്കാർ ഉത്തരവുകൾക്കും പി.ഡബ്ല്യു.ഡി.എ കോഡിനും ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ ഉത്തരവിനും റഗുലേറ്ററി ആക്ടിനും വിരുദ്ധമാണെന്ന് സിവിൽ എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു. സിവിൽ വിഭാഗം എൻജിനീയർമാരുടെ മേൽനോട്ടത്തിൽ മാത്രമേ നിർമാണപ്രവൃത്തി നടത്താവൂ. ജോലികളുടെ നിലവാരവും അളവും സംബന്ധിച്ച് സിവിൽ വിഭാഗം എൻജിനീയർമാരുടെ കർശന പരിശോധനയ്ക്കു ശേഷമേ ബില്ലുകൾ മാറി നൽകാവൂ എന്നും ധനവകുപ്പ് അണ്ടർ സെക്രട്ടറിയായിരുന്ന രമ പി. നായർ പുറപ്പെടുവിച്ച ഉത്തരവ് (നമ്പർ 1468/സി 3/14/പി ഡി) നിലനിൽക്കുന്നുണ്ട്.
വൈദ്യുതി പദ്ധതികളുടെ 80 ശതമാനവും സിവിൽ ജോലികളാണ്. ഇതിനു മേൽനോട്ടം വഹിക്കുന്നത് സിവിൽ വിഭാഗം ഉദ്യോഗസ്ഥർ തന്നെയായിരിക്കണം. 20 ശതമാനം മാത്രമാണ് ഇലക്ട്രിക്കൽ ജോലിയുള്ളത്. സ്റ്റേറ്റ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ ചെയർപേഴ്‌സൻ സിവിൽ എൻജിനീയറായിരിക്കണമെന്ന് ഡാം സേഫ്റ്റി ആക്ട് നിഷ്‌കർഷിച്ചിട്ടുണ്ട്. അതിനാൽ, വിഷയം നിയമപരമായി കോടതിയിൽ ചോദ്യംചെയ്യാനാണ് സിവിൽ ബ്രാഞ്ച് എൻജിനീയേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
ചീഫ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് ഇപ്പോൾ പ്രമോഷൻ നൽകാൻ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ് പുതിയ തീരുമാനമെന്നും ചീഫ് എൻജിനീയർ (സിവിൽ) പ്രമോഷനായി ഉദ്യോഗസ്ഥർ വരുന്ന മുറയ്ക്ക് എക്‌സിക്യൂഷൻ വിഭാഗം, ചീഫ് എൻജിനീയർ (സിവിൽ)ലേക്ക് പൂർണമായും മാറ്റുമെന്നുമാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരായി കുറഞ്ഞത് എട്ട് മാസമെങ്കിലും സർവിസ് ഉള്ളവരെ മാത്രമേ ചീഫ് എൻജിനീയർമാരായി പ്രമോട്ട് ചെയ്യാൻ കഴിയൂ. നിലവിൽ പല ജൂനിയർ എക്‌സിക്യൂട്ടീവ് എൻജിനീയർമാർക്കും ഡെപ്യൂട്ടി സി.ഇയുടെ ചുമതല നൽകിയിരിക്കുകയാണ്.
എന്നാൽ, ഇത് യുക്തിപരമായ വിശദീകരണമല്ലെന്നാണ് സിവിൽ വിഭാഗത്തിന്റെ വാദം. യോഗ്യതയുള്ള സിവിൽ എൻജിനീയർമാരെ ലഭ്യമായില്ലെങ്കിൽ മറ്റു വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാം. കെ.എസ്.ഇ.ബി ഇത്തരത്തിൽ ബോർഡ് ഡയരക്ടറെ അടുത്തിടെ നിയമിച്ചത് ഉദാഹരണമായി സിവിൽ വിഭാഗം ചൂണ്ടിക്കാട്ടുന്നു. റൂർക്കി ഐ.ഐ.ടി യിലെ ഹൈഡ്രോ ആൻഡ് റിന്യുവബിൾ എനർജി വകുപ്പിൽ അധ്യാപകനായ പ്രൊഫ. അരുൺകുമാറിനെയാണ് സ്വതന്ത്ര ഡയരക്ടറായി നിയമിച്ചത്.
ഫീൽഡിലുള്ള പ്രൊജക്ട് എക്‌സിക്യൂഷനായി രണ്ട് ഉപവിഭാഗങ്ങൾ ആരംഭിക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ട് ഉപവിഭാഗങ്ങളിലും സിവിൽ, ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ ഒരൊറ്റ ചീഫ് എൻജിനീയർ (പ്രൊജക്ട്സ്)ന്റെ കീഴിൽ പ്രവർത്തിക്കണം. ഭൂരിപക്ഷമുള്ള ഇലക്ട്രിക്കൽ വിഭാഗമാണ് ബോർഡിലെ പ്രമാണിമാരെന്നാണ് വയ്പ്. എന്നാൽ, വൻതുകയ്ക്കുള്ള കരാർ ജോലികളുടെയെല്ലാം ചുമതല ന്യൂനപക്ഷമായ സിവിൽ വിഭാഗത്തിനാണ്. ഇതാണ് സിവിൽ - ഇലക്ടിക്കൽ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."