ഗണേഷ്കുമാറിന്റെ നിലപാടില്ലായ്മ: എറണാകുളത്ത് കേരള കോണ്‍ഗ്രസ് (ബി) ജില്ലാ സെക്രട്ടറി അടക്കം എന്‍.സി.പിയിലേക്ക്
സബീൽ ബക്കർ
കൊച്ചി: കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രവർത്തകരോടുള്ള കടുത്ത അവഗണനയിലും ഗണേഷ്കുമാറിന്റെ നിലപാടില്ലായ്മയിലും പ്രതിഷേധിച്ച് പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ രാജിവയ്ക്കും. എറണാകുളം കേരള കോണ്‍ഗ്രസ് (ബി) ജില്ലാ സെക്രട്ടറി ഭാസ്കരൻ മാലിപ്പുറം ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിടുന്നത്. എറണാകുളം ജില്ലയിലുള്ള ഒമ്പത് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളും അണികളും രാജിവയ്ക്കും.
കേരള കോണ്‍ഗ്രസ് (ബി) പാർട്ടിയിലെ ജനാധിപത്യവിരുദ്ധ നിലപാടുകളിലും ബാലകൃഷ്ണ പിള്ളയുടെ കാഴ്ചപ്പാടിൽനിന്ന് അദ്ദേഹത്തിന്റെ വിയോഗത്തോടെ പാർട്ടിവ്യതിചലിച്ചുവെന്നും നേതാക്കൾ ആരോപിച്ചു. വേണ്ടത്ര പാർട്ടി പ്രവർത്തന പരിചയമില്ലാത്ത കെ.ബി ഗണേഷ്കുമാറിനെ പിതാവ് ബാലകൃഷ്ണ പിള്ള തന്നെ വിശേഷിപ്പിച്ചത് ടെസ്റ്റ് റ്റ്യൂബ് ശിശു എന്നാണ്. മന്ത്രിയും പരിവാരവും പാർട്ടി നേതൃയോഗങ്ങളിൽ പോലും പങ്കെടുക്കാറില്ലെന്നും വർഷങ്ങളുടെ പരിചയസമ്പത്തുള്ള ജില്ലാ സെക്രട്ടറി ഭാസ്കരൻ മാലിപ്പുറം ഉൾപ്പെടെയുള്ളവർക്ക് അർഹിക്കുന്ന പരിഗണന നൽകാറില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറയും മുന്നോക്ക വികസന കോർപറേഷൻ ചെയർമാനുമായ കെ.ജി പ്രേംജിത്തിന്റെ നടപടികൾ ജനാധിപത്യ വിരുദ്ധവും പാർട്ടി വിരുദ്ധവുമാണെന്നും നേതാക്കൾ പറഞ്ഞു.
ജില്ലയിലെ നൂറുകണക്കിനുവരുന്ന പാർട്ടി പ്രവർത്തകരെ കൂട്ടി 19ന് എറണാകുളം ടൗൺ ഹാളില്‍ നടക്കുന്ന ലയന സമ്മേളനത്തിൽ എൻ.സി.പി പ്രവേശനം നടത്താനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."