സിദ്ധാര്‍ഥന്റെ മരണം; വി.സിക്ക് വീഴ്ച്ച പറ്റി; അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ മുന്‍ വി.സി എം.ആര്‍ ശശീന്ദ്രനാഥിന് വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടിയെടുത്തില്ലെന്നാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്.
കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി കൈമാറിയത്.
സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ കമ്മിഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് എം.ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് കമ്മിഷന്‍ അന്വേഷിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സിദ്ധാര്‍ത്ഥന്റെ അച്ഛനമ്മമാര്‍, അധ്യാപകര്‍, സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ കമ്മിഷന്‍ മൊഴിയെടുത്തു. ഭാവിയില്‍ ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും കമ്മിഷന്‍ ശുപാര്‍ശ ചെയ്യും.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഇങ്ങനെയാണ് സി.ബി.ഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."