കര്‍ക്കിടകമല്ലേ..! കുടിക്കണ്ടേ കര്‍ക്കിടക കഞ്ഞി
കര്‍ക്കിട മാസത്തില്‍ മലയാളികള്‍ അധികവും കര്‍ക്കിടക കഞ്ഞി വച്ചു കുടിക്കാറുണ്ട്. നല്ല ആരോഗ്യത്തിന് വേണ്ടിയാണ് കര്‍ക്കിടക മാസത്തില്‍ കര്‍ക്കിടക കഞ്ഞി കുടിക്കുന്നത്. ധാരാളം ഗുണങ്ങളുള്ള ഈ കഞ്ഞി തയാറാക്കാന്‍ എളുപ്പവുമാണ്.
ആരോഗ്യത്തിനായി പരമ്പരാഗത ഔഷധ കൂട്ടുകളാല്‍ തയാറാക്കുന്നതാണ് കര്‍ക്കിട കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏതെങ്കിലും ഒരു നേരം കര്‍ക്കിടക കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്.
കര്‍ക്കിടകത്തിലെ ആദ്യ ഏഴ് ദിവസങ്ങളിലാണ് കര്‍ക്കിടക കഞ്ഞി കുടിക്കേണ്ടത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുവാനും ഏറെ നല്ലതാണ്. മാത്രമല്ല, ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും കര്‍ക്കിടക കഞ്ഞി വളരെ നല്ലതാണ്.
ആവശ്യമുള്ള ചേരുവകള്‍
ഉണക്കലരി ഒരു കപ്പ്
എള്ള് 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഉലുവ 2 ടീസ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
കടുക് 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ ഒരു കപ്പ്
മാവ് ഇല 6 എണ്ണം
പ്ലാവ് ഇല 4 എണ്ണം
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം അര മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. ഇതുപോലെ കടുക്, എള്ള്, ഉലുവ, ജീരകം എന്നിവയും അരമണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. അതിന് ശേഷം കടുകും ഉലുവയും ജീരകവും എള്ളും നന്നായി മിക്‌സിയിലിട്ട് അരച്ച് എടുക്കുക.
ഇനി കഴുകി വച്ചിരിക്കുന്ന അരി കലത്തില്‍ വച്ചു തിളപ്പിക്കുക. അരച്ചുവച്ച പേസ്റ്റും അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കിക്കൊടുക്കുക. ഇത് നന്നായി തിളച്ച് വരുമ്പോള്‍ ഇലകള്‍ രണ്ടും അരിഞ്ഞ് ചേര്‍ക്കാം. നന്നായി കഞ്ഞി വെന്ത് വരുമ്പോള്‍ ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തിളവരുമ്പോള്‍ തീ ഓഫ് ആക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."