താരത്തിന്റെ മുഖത്തടിച്ചു; റഷ്യന്‍ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് വിവാദത്തില്‍
മോസ്‌കോ: റഷ്യന്‍ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റിനെതിരേ ഗുരുതര ആരോപണങ്ങളുമായി വനിതാ ഗുസ്തി താരം ഇനാ ട്രാസുക്കോവ. സംഘടനാ പ്രസിഡന്റ് മിഖായേല്‍ മാമിയാഷ്‌വില്ലി റിയോ ഒളിംപിക്‌സിലെ വെങ്കല പോരാട്ടത്തില്‍ തോറ്റതിനു തന്റെ മുഖത്തടിച്ചുവെന്നാണ് ട്രാസുക്കോവയുടെ ആരോപണം. ടീമംഗങ്ങളുടെയും വിദേശ താരങ്ങളുടെയും മുന്നില്‍ വച്ചാണ് ഒന്നിലധികം തവണ തന്റെ മുഖത്തടിച്ചതെന്നും ട്രാസുക്കോവ വ്യക്തമാക്കി.
പോളണ്ടിന്റെ മോണിക്കാ എവയോടാണ് വെങ്കലപ്പോരാട്ടത്തില്‍ ട്രാസുക്കോവ പരാജയപ്പെട്ടത്. വിഷയത്തില്‍ അന്വേഷണത്തിനായി പ്രോസിക്യൂട്ടര്‍ ജനറലിനെ സമീപിച്ചിരിക്കുകയാണ് താരം. അത്‌ലറ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രിക്ക് ട്രാസുക്കവോയുടെ അഭിഭാഷകന്‍ സിരാസ്ഹുടിന്‍ അതായേവ് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ സാക്ഷികളായി എത്തിയവര്‍ പലരും കോടതിയില്‍ ഹാജരായി മൊഴി നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാമിയാഷ്‌വില്ലിക്കെതിരേയുള്ള നിയമ നടപടികള്‍ക്ക് ശക്തി കുറയാനാണ് സാധ്യത.
അതേസമയം മാമിയാഷ്‌വില്ലി റഷ്യന്‍ കായിക മന്ത്രി വിറ്റാലി മുറ്റ്‌കോയുടെ അടുത്തയാളാണ്. അതിനാല്‍ കൂടുതല്‍ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് അഭ്യൂഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."