പാരിസ് വിളിക്കുന്നു; ഫുട്‌ബോള്‍, റഗ്ബി ഇന്ന് കളത്തില്‍; ഇന്ത്യ നാളെ അമ്പെ്ത് തുടങ്ങും
പാരിസ്: പാരിസിലൂടെ ഒഴുകുന്ന സീന നദിയുടെ ഓളങ്ങള്‍ക്ക് മാത്രമല്ല നദിയെ തഴുകിനീങ്ങുന്ന വിവിധ ജനവിഭാഗങ്ങള്‍ക്ക് വരെ ഇന്നുമുതല്‍ താളമുണ്ട്, ഒരു ഒളിംപിക്‌സ് നേരിട്ടു കാണുന്നതിന്റെ ത്രില്ലിലാണവര്‍. ലോക ജനതയെ മുഴുവന്‍ ആഘോഷത്തിമിര്‍പ്പിലാക്കുന്ന വിവിധ കായിക ഇനങ്ങളാല്‍ സമ്പല്‍സമൃദ്ധിയിലായിരിക്കുകയാണീ നഗരം. 19 നാള്‍ നീണ്ടുനില്‍ക്കുന്ന കായിക മഹാമാമാങ്കം അനുഭവിച്ചറിയാന്‍ എന്നും ജനനിബിഢമാണിവിടെ. രാപ്പകലുകളില്ലാതെ വിവിധ സംസ്‌കാരത്തിലും നിറത്തിലുമുള്ള കായിക പ്രേമികള്‍ ഒത്തുകൂടുന്നയിടമായി മാറിയിരിക്കുകയാണ് പാരിസ്.
ഇന്നു വൈകിട്ട് 6.30ന് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തോടെ മറ്റൊരു ഒളിംപിക്‌സിന് അനൗദ്യോഗികമായി തിരിതെളിയും. വെള്ളിയാഴ്ചയാണ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം. രാത്രി 11.30ഓടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. ലിയോണിലെ സെന്റ് എറ്റീന സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ബിയിലെ അര്‍ജന്റീന മൊറോക്കോ തമ്മിലും പാര്‍ക് ഡി പ്രിന്‍സസ് സ്റ്റേഡിയത്തില്‍ സ്‌പെയിനും ഉസ്‌ബെക്കിസ്ഥാന്‍ തമ്മിലുമുള്ള ഫുട്‌ബോള്‍ മത്സരത്തോടെയാണ് മത്സരവേദി ഉണരുക. ഫുട്‌ബോളിനെ കൂടാതെ റഗ്ബി മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാവും.
നാളെ തുടങ്ങുന്ന അമ്പെയ്ത്തിലൂടെയാണ് പാരിസില്‍ ഇന്ത്യ സാന്നിധ്യമറിയിക്കുക. തുടര്‍ന്നുള്ള 16 ദിവസങ്ങളിലും ഇന്ത്യ വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്.
29 പേരടങ്ങുന്ന അത്‌ലറ്റിക്‌സ് ടീമാണ് ഇന്ത്യയുടെ കരുത്ത്. 21 താരങ്ങളുമായി പുറപ്പെട്ട ഷൂട്ടിങ് ടീമും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യ അയക്കുന്ന ഏറ്റവും വലിയ സംഘമാണ് ഇത്തവണത്തേത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ പറഞ്ഞയച്ച 15 പേരടങ്ങുന്ന ഷൂട്ടിങ് സംഘമായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
നാളെ അമ്പെയ്‌ത്തോടെയാണ് പാരിസില്‍ ഇന്ത്യന്‍ പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യ ഏറെ മെഡല്‍ പ്രതീക്ഷ വയ്ക്കുന്ന ഇനങ്ങളിലൊന്നാണിത്. മുന്‍ ലോക ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ദീപിക കുമാരിയും ലോകകപ്പ് മെഡലിസ്റ്റും യങ് സെന്‍സേഷനുമായ ധീരജ് ബൊമ്മദേവരയും ഈ ഇനത്തില്‍ മത്സരിക്കുന്നുണ്ട്.
റീക്കര്‍വില്‍ ഇവരോടൊപ്പം പുരുഷ വിഭാഗത്തില്‍ തരുണ്‍ദീപ് റായും പ്രവീണ്‍ ജാദവും വനിതാ വിഭാഗത്തില്‍ ഭജന്‍ കൗറും അങ്കിത ഭഗത്തും ഇറങ്ങും. ഉച്ച ഒരു മണിക്ക് അമ്പെയ്ത്ത് റീകര്‍വ് വനിതാ വിഭാഗം റാങ്കിങ്ങും വൈകിട്ട് 5.45ന് പുരുഷ റാങ്കിങ് റൗണ്ടും ആരംഭിക്കും. റാങ്കിങ് റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത് തുടര്‍ന്നുള്ള പ്ലേ ഓഫ് മത്സരങ്ങളില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളെ നേരിടുകയാണ് ഇവരുടെ ലക്ഷ്യം.
എന്നിരുന്നാലും ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ അലര്‍ട്ട് ഷൂട്ടിങ് റേഞ്ചില്‍ നിന്നാകുമെന്ന വിശ്വാസത്തിലാണ് കായിക പ്രേമികള്‍. 27ന് നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനമാണ് പാരിസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ പ്രതീക്ഷ. ഈ ഇനത്തില്‍ സന്ദീപ് സിങ് ഇളവനില്‍ വാളറിവാന്‍ ജോടിയും അര്‍ജുന്‍ ബബൂത്ത റമിത ജിന്‍ഡാല്‍ ജോടിയും ഇന്ത്യക്കായി റൈഫിളേന്തുന്നുണ്ട്. ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ മറ്റൊരു പ്രതീക്ഷയായ മനു ഭാക്കറും ഇത്തവണ ഇറങ്ങുന്നുണ്ട്. 10 മീറ്റര്‍, 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മത്സരിക്കുന്ന മനു ഭാക്കര്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും രാജ്യത്തിന്റെ പ്രതീക്ഷ കാക്കും.
രണ്ടു തവണ ഒളിംപിക്‌സ് മെഡലിസ്റ്റായ പി.വി സിന്ധു ബാഡ്മിന്റണില്‍ ഹാട്രിക് തികയ്ക്കാനുള്ള ഒരുക്കത്തിലാണ്. 27ന് തുടങ്ങുന്ന ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനത്തില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയും ലക്ഷ്യ സെന്നും ഇറങ്ങുമ്പോള്‍ ലോക ചാംപ്യന്‍മാരായ സാത്വിക് സായ്‌രാജ് റാങ്കി റെഡ്ഡിയും ചിരാഗ് ഷെട്ടിയും പുരുഷ ഡബിള്‍സില്‍ സ്വര്‍ണം കഴുത്തിലണിയാനുള്ള പരിശ്രമത്തിലാണ്. ടോക്കിയോയിലെ വെള്ളിയുടെ നിറം സ്വര്‍ണമാക്കാനുറച്ചാണ് വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു ഇറങ്ങുന്നത്. ആഗസ്റ്റ് ഏഴു മുതലാണ് ഭാരോദ്വഹന മത്സരങ്ങള്‍ ആരംഭിക്കുന്നത്.
2020ല്‍ ടോക്കിയോ ബോക്‌സിങ് റിങ്ങില്‍ നിന്ന് വെങ്കലം നേടിയ ലവ്‌ലീന ബോര്‍ഗോഹെയ്ന്‍ നില മെച്ചപ്പെടുത്തുമെന്ന വിശ്വാസത്തിലാണ്. രണ്ട് തവണ ലോക ചാംപ്യനായ നികാത് സരീനും ഇറങ്ങുന്ന ഇടിക്കൂട് ഈ മാസം 27ന് തുറന്ന് ഓഗസ്റ്റ് 10ന് അടയ്ക്കും. ഒളിംപിക്‌സ് അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് താരം.
ഒളിംപിക്‌സില്‍ ഏഴ് മെഡലുകളെന്ന എക്കാലത്തെയും മികച്ച നേട്ടവുമായാണ് ഇന്ത്യ കഴിഞ്ഞ തവണ ടോക്കിയോയിനോട് വിട പറഞ്ഞത്. ഇത്തവണ മെഡലുകളുടെ എണ്ണം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ കായിക പ്രതിഭകള്‍ പാരിസിലേക്ക് വണ്ടികയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."