ഹെലികോപ്റ്റർ വിപണി പിടിക്കാൻ ഇനി ടാറ്റയും; കൂടെ ആഗോള ഭീമൻ എയർ ബസും
ഇന്ത്യൻ വ്യോമയാന രംഗത്ത് പുത്തൻ ചുവടുവെപ്പുമായി ടാറ്റ മോട്ടോർസ്. വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമിക്കാനുള്ള പദ്ധതിക്കാണ് ടാറ്റ തുടക്കമിടുന്നത്. 2026ൽ ഹെലികോപ്റ്റർ നിർമാണം ആരംഭിക്കുന്ന പദ്ധതി ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസുമായി ചേർന്നാണ് നടപ്പിലാക്കുക. രാജ്യത്ത് നിന്ന് ടാറ്റ ഹെലികോപ്റ്റർ നിർമാണം ആരംഭിക്കാനാനുള്ള പ്രാഥമിക ചർച്ചകൾ നടന്നുവരികയാണ്. രാജ്യാന്തരതലത്തിൽ ഹെലികോപ്റ്ററിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് ടാറ്റയെ നിർമാണ പദ്ധതിയിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിമാന രംഗത്തെ ആഗോള ഭീമനായ എയർബസിന്റെ പങ്കാളിത്തം ഇന്ത്യയ്ക്കും വലിയ പ്രതീക്ഷയാണ് മുന്നോട്ട് വെക്കുന്നത്. ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും, നിർമാണ പ്രവൃത്തികൾ തുടങ്ങാനുള്ള അനുയോജ്യമായ സ്ഥലങ്ങൾ ഉൾപ്പെടെ ടാറ്റ കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തിൽ വർഷം തോറും 10 ഹെലികോപ്റ്ററുകൾ നിർമിക്കാനാണ് പദ്ധതിയിടുന്നത്. പിന്നീടിത് പ്രതിവർഷം 50 എന്ന നിലയിലേക്ക് ഉയർത്തും.
ഇന്ത്യയിൽ അടുത്ത ഏതാനും വർഷത്തിനകം 500ൽ അധികം ഹെലികോപ്റ്റർ ആളുകൾ വാങ്ങാൻ സാധ്യതയുള്ളതായാണ് കണക്കുകൾ. എയർ ബസും ഈ കണക്ക് ശരിവെക്കുന്നുണ്ട്. അമേരിക്കയുമായി കിടപിടിക്കത്തക്ക ഹെലികോപ്റ്റർ വാണിജ്യ വിപണിയാണു ഇന്ത്യയിലുള്ളതെന്നാണു എയർ ബസിന്റെ കണ്ടെത്തൽ. നിലവിൽ ഹെലികോപ്റ്റർ വാങ്ങുന്നതിലും പരത്തുന്നതിലും ഇന്ത്യയിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വൈകാതെ ഇവ കൂടുതൽ അയവുള്ളതാകുമെന്നാണ് വിലയിരുത്തൽ.
എച്ച് 125 ഹെലികോപ്റ്ററുകൾ ആകും ടാറ്റ - എയർ ബസ് സംരഭം പുറത്തിറക്കുക. നിലവിൽ 7000ത്തിൽ അധികം യൂണിറ്റുകൾ ലോകത്താകെയുണ്ട്. ഇതിൽ വാണിജ്യ ഹെലികോപ്റ്റർ മേഖലയിലെ 40 ശതമാനം വിപണി വിഹിതവും എയർ ബസിന്റെതാണ്. ഇതും സംരംഭത്തിന് സഹായകമാകും. ഇന്ത്യയിൽ ഹെലികോപ്റ്റർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി പുതിയ കേന്ദ്രം നിർമിക്കാനും എയർ ബസിന് കമ്പനിക്കു പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."