'ഗസ്സയുടെ ദുരിതത്തിനുമേല്‍ ഞാന്‍ നിശബ്ദയാവില്ല; വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണം' കമല ഹാരിസിന്റെ പ്രഖ്യാപനം നെതന്യാഹുവിനെതിരായ പ്രതിഷേധം കണ്ട് ഭയന്നിട്ടോ?
വാഷിങ്ടണ്‍: ഒടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ച ശേഷം വിദേശ നയ വിഷയത്തില്‍ ആദ്യമായാണ് ഇവര്‍ പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്. ഇസ്‌റാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് അവരുടെ പ്രതികരണമെന്നതും ശ്രദ്ധേയം.
'ഇസ്‌റാഈലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അത് എത്തരത്തിലാണ് എന്നുള്ളതാണ് വിഷയം' നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് അവര്‍ പ്രതികരിച്ചു. 'ബന്ദികളെ വീട്ടിലെത്തിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് ആശ്വാസം നല്‍കാനും നമുക്ക് വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കണം. യുദ്ധം അവസാനിപ്പിക്കാം' അവര്‍ പറഞ്ഞു.
സാധാരണ മറ്റുരാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനത്തിന് ശേഷം പ്രസിഡന്റ് ആണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുക. എന്നാല്‍, ഇത്തവണ പ്രസിഡന്റ് ജോ ബൈഡന്‍, പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഇസ്‌റാഈല്‍ സുരക്ഷിതരാകുന്ന, എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടുന്ന ഗസ്സയിലെ ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിനും അന്തസ്സിനും സ്വയം നിര്‍ണ്ണയത്തിനുമുള്ള അവരുടെ അവകാശം വിനിയോഗിക്കാവുന്ന സാഹചര്യം വരുന്ന വിധത്തില്‍ ഈ യുദ്ധം അവസാനിപ്പിക്കാനും അവസാനിക്കാനുമുള്ള സമയമാണിത്- കമല ചൂണ്ടിക്കാട്ടി.
നിലവില്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന അതിക്രമത്തില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട് തന്നെയാണ് കമല ഹാരിസും സ്വീകരിച്ചതും സ്വീകരിക്കുന്നതും. സ്വയം പ്രതിരോധിക്കാനുള്ള ഇസ്‌റാഈലിന്റെ അവകാശം താന്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അത് എങ്ങനെയാണ് നടപ്പാക്കുന്നത് എന്നത് പ്രധാനമാണെന്നും ഗസ്സയിലെ കൂട്ടക്കൊലയെയും നശീകരണങ്ങളെയും ചൂണ്ടിക്കാട്ടി അവര്‍ പ്രതികരിച്ചിരുന്നു. ലോകം മുഴുവന്‍ ഇസ്‌റാഈലിനെതിരെ അണി നിരന്നപ്പോഴും അവര്‍ വെടിനിര്‍ത്തലിനെ കുറിച്ചു പോലും പ്രതികരിച്ചിരുന്നുമില്ല. എന്നാല്‍ ഇപ്പോള് ഇത്രയെങ്കിലും പ്രതികരിച്ചത് യു.കെയും ഫ്രാന്‍സും ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടിട്ടാണോ എന്നും നിരീക്ഷര്‍ പറയുന്നു. യു.കെയിലും ഫ്രാന്‍സിലും തെരഞ്ഞെടുപ്പുകളില്‍ ഫലസ്തീന്‍ അനുകൂല നിലപാടെടുത്ത പ്രതിനിധികള്‍ മികച്ച വിജയം നേടിയിരുന്നു. ഫലസ്തീന് വേണ്ടി സംസാരിച്ച ഇടതുപക്ഷമാണ് ഫ്രാന്‍സില്‍ വിജയിക്കുന്നത്.
ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്ന രാജ്യമാണ് യു.എസ്. ബൈഡന്‍ ഭരണകൂടത്തിനെതിരെ ലോക ശ്രദ്ധ നേടിയ നിരവധി പ്രതിഷേധങ്ങള്‍ യു.എസില്‍ നടന്നിട്ടുണ്ട്. ഒടുവില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരേയും രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ പുറത്ത് ആയിരങ്ങലാണ ്തടിച്ചു കൂടിയത്. തെരുവുകളില്‍ ജോ ബൈഡന്‍ ഭരണകൂടത്തിനും ഇസ്‌റാഈലിനുമെതിരേ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഫലസ്തീന്‍ പതാകകളേന്തിയും ഫലസ്തീനികള്‍ ധരിക്കാറുള്ള പരമ്പരാഗത കഫിയ ഉള്‍പ്പെടെ ധരിച്ചും വംശഹത്യാവിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രക്ഷോഭകര്‍ ഒത്തുകൂടിയത്.
ഫലസ്തീനില്‍ കൂട്ടക്കൊല തുടരുന്നതിനിടെ യു.എസ് സന്ദര്‍ശനത്തിനെത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടത് കനത്ത പ്രതിഷേധവും രോഷവും. യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ പുറത്ത് ആയിരങ്ങള്‍ തടിച്ചുകൂടുകയും ജോ ബൈഡന്‍ ഭരണകൂടത്തിനും ഇസ്‌റാഈലിനുമെതിരേ മുദ്രാവാക്യങ്ങള്‍ വിളിക്കുകയുംചെയ്തു. ഫലസ്തീനികള്‍ ധരിക്കാറുള്ള പരമ്പരാഗത കഫിയ ഉള്‍പ്പെടെ ധരിച്ചും വംശഹത്യാവിരുദ്ധ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയുമാണ് പ്രക്ഷോഭകര്‍ ഒത്തുകൂടിയത്.
മറ്റ് യു.എസ് നഗരങ്ങളിലും നെതന്യാഹുവിനെതിരേ പ്രക്ഷോഭം ഉണ്ടായി. ചിലയിടങ്ങളില്‍ പ്രക്ഷോഭകാരികളും പൊലിസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ നെതന്യാഹുവിന്റെ കോലം കത്തിച്ചു. ഫലസ്തീന്‍ പതാകയ്‌ക്കൊപ്പം കൂറ്റന്‍ യു.എസ് പതാകയുമായെത്തിയ ചില പ്രക്ഷോഭകര്‍ യു.എസ് കോണ്‍ഗ്രസിന് മുന്നില്‍വച്ച് യു.എസ് പതാക കത്തിക്കുക വരെ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."