സഊദിയുടെ ‘ഖിവ’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിൽ കരാറുകൾ 90 ലക്ഷത്തിലധികം
റിയാദ്:സഊദി അറേബ്യയിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സേവന വേതന കരാർ രജിസ്റ്റർ ചെയ്യാനുള്ള മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ‘ഖിവ’ പോർട്ടലിൽ ഇതുവരെ രേഖപ്പെടുത്തിയ തൊഴിൽ കരാറുകളുടെ എണ്ണം 90 ലക്ഷത്തിലേറേയാണ്.ഖിവ സംവിധാനം പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും തൊഴിൽ നിയമങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലും തൊഴിൽ തർക്കങ്ങളും പ്രശ്നങ്ങളും കുറയ്ക്കുന്നതിലുമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും തൊഴിൽ കരാറുകൾ ‘ഖിവ’യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സഊദിയിലെ സ്വദേശികളും വിദേശികളുമായ സ്വകാര്യമേഖലയിലെ മുഴുവൻ ജീവനക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. 80 ശതമാനമോ അതിലധികമോ ജീവനക്കാരുടെ കരാറുകൾ രേഖപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൻറെ സേവനങ്ങളിൽ നിന്ന് പൂർണമായി പ്രയോജനം ലഭിക്കും.
സ്പോൺഷർഷിപ്പ് മാറ്റം,പ്രൊഫഷൻ മാറ്റം, വിസ നൽകൽ തുടങ്ങിയ സേവനങ്ങൾ ‘ഖിവ’ പോർട്ടൽ രജിസ്റ്ററിൽ ഉൾപ്പെടും. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ കരാർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഖിവ പോർട്ടൽ തൊഴിലുടമകളെ അനുവദിക്കുന്നുണ്ട്. തൊഴിലാളികളെ അവരുടെ കരാർ വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും പോർട്ടലിലെ അവരുടെ അക്കൗണ്ട് മുഖേന പരിഷ്‌ക്കരണം അംഗീകരിക്കാനും നിരസിക്കാനും അഭ്യർഥിക്കാനും സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഖിവ പോർട്ടലിലൂടെ മന്ത്രാലയം നൽകുന്ന ഓൺലൈൻ സേവനങ്ങളിലൊന്നാണ് കരാർ ഡോക്യുമെന്റേഷൻ. തൊഴിൽ മേഖലയുടെ പ്രധാന മുഖമായി ഈ പോർട്ടലിനെ കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."