കൊല്ലത്ത് വയോധികന്‍ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ്; ക്രൂരകൃത്യം നടത്തിയത് 76 ലക്ഷം രൂപ തട്ടിയെടുക്കാന്‍
കൊല്ലം: ആശ്രാമത്ത് വാഹനാപകടത്തില്‍ മരിച്ച 80കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്. കഴിഞ്ഞ മെയ് 23നാണ് ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനിയറായിരുന്ന പാപ്പച്ചന്‍ അപകടത്തില്‍ മരിക്കുന്നത്. പാപ്പച്ചന്‍ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ച 76ലക്ഷം തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. കേസില്‍ ബാങ്ക് മാനേജര്‍ സരിത, ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍ ഉള്‍പ്പടെ അഞ്ച് പേരെ കൊല്ലം ഈസ്റ്റ് പൊലിസ് പിടികൂടി.
അപകടമരണമാണെന്ന് എഴുതിത്തള്ളിയ കേസാണ് കൊലപാതകമെന്ന് പൊലിസ് കണ്ടെത്തിയത്. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്തെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ ബന്ധുക്കളുമായോ അയല്‍വാസികളുമായോ ബന്ധം പുലര്‍ത്തിയിരുന്നുമില്ല. പാപ്പച്ചന്റെ സമ്പാദ്യങ്ങളെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും ഒന്നുമറിയുകയുമില്ല. ഇക്കാര്യം ബാങ്ക് മാനേജര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് അറിയാമായിരുന്നു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ഇതിനായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനിക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പാപ്പച്ചന്റെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപ സരിത പിന്‍വലിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പാപ്പച്ചനെ പ്രശ്‌നം പരിഹരിക്കാനായി ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തി. സ്ഥിരമായി സൈക്കിളില്‍ യാത്ര ചെയ്യുന്നയാളാണ് പാപ്പച്ചന്‍. ഇത് മനസിലാക്കിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലിസ്.
സൈക്കിളില്‍ പോകുകയായിരുന്ന പാപ്പച്ചനെ അനിമോന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയത് പൊലിസില്‍ സംശയം ഉണ്ടാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിക്ഷേപ തുകയായ 76 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം രൂപ മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ബാങ്ക് മാനേജരെ ഉള്‍പ്പടെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവും പണം തട്ടിയെടുക്കാനുള്ള ശ്രമവും പ്രതികള്‍ സമ്മതിച്ചത്. രണ്ടു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെങ്കിലും അനി മോന്‍ പല ഘട്ടങ്ങളിലായി പ്രതികളെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തോളം രൂപ വാങ്ങിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."