കനത്ത മഴക്ക് പിന്നാലെ മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു
കല്പറ്റ: കനത്ത മഴക്ക് പിന്നാലെ വയനാട് മുണ്ടക്കൈയില്‍ ഇന്ന് നടത്തിയ രണ്ടാംഘട്ട ജനകീയ തിരച്ചില്‍ നിര്‍ത്തി.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച തിരച്ചിലില്‍ സന്നദ്ധപ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പുകളില്‍ കഴിയുന്നവരും പങ്കാളികളായിരുന്നു. ക്യാമ്പിലുള്ളവര്‍ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി.
തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. പരപ്പന്‍പാറയില്‍ സന്നദ്ധപ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പന്‍ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്ന് ഒരു ഭാഗവുമാണ് കണ്ടെടുത്തത്.
കഴിഞ്ഞദിവസവും ഇവിടെനിന്ന് മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.ഇവിടെ കൂടുതല്‍ മൃതദേഹ ഭാഗങ്ങളുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്താനാണ് തീരുമാനം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ കണ്ടെത്താനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."