അതിജീവനത്തിന്റെ സ്‌നേഹഭവനമൊരുക്കാന്‍...
മുസ്‌ലിം ലീഗ് 100 വീടുകള്‍
വയനാട്ടിലെ ഉരുള്‍ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ ചേര്‍ത്തു പിടിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് മുസ്്‌ലിം ലീഗ് 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. സമഗ്ര പുനരധിവാസ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍പ്പിട, ആരോഗ്യ, തൊഴില്‍, വിദ്യാഭ്യാസ മേഖലകളെയെല്ലാം സ്പര്‍ശിക്കുന്ന സമഗ്രപദ്ധതി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.
രാഹുല്‍ഗാന്ധി 100 വീട്
ദുരന്തം സംഭവിച്ചതിന് ശേഷം ആദ്യം വീടുകള്‍ പ്രഖ്യാപിച്ചത് രാഹുല്‍ഗാന്ധി എം.പിയാണ്. ഈ വീടുകള്‍ കോണ്‍ഗ്രസാണ് നിര്‍മിച്ചു നല്‍കുക. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി മുന്‍കൈയെടുത്ത് 100 വീടുകള്‍ ദുരന്തബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മറ്റിടങ്ങളില്‍ നിന്നെല്ലാം സുമനസുകള്‍ രംഗത്തെത്തിയത്.
കര്‍ണാടക സര്‍ക്കാരിന്റെ 100 വീട്
ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ദുരന്തത്തിന് തൊട്ടുപിന്നാലെ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ ചേര്‍ത്തുപിടിക്കുന്ന പ്രഖ്യാപനം നടത്തിയത്.
എന്‍.എസ്.എസ് 150 വീടുകള്‍
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫിസര്‍ ഡോ. അന്‍സറിന്റെ നേതൃത്വത്തില്‍ 150 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി, ടെക്‌നിക്കല്‍ സ്‌കൂള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവയിലെ യൂനിറ്റുകളാണ് വീട് നിര്‍മാണത്തിലുള്ള തുക കണ്ടെത്തുക.
കെ.സി.ബി.സി 100 വീടുകള്‍
കെ.സി ബി.സി. പുനരധിവാസത്തിനായി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. ദുരന്തത്തില്‍ വീടും വരുമാനമാര്‍ഗവും നഷ്ടപ്പെട്ട ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 9,500രൂപ വീതം അടിയന്തര സാമ്പത്തിക സഹായവും നല്‍കും.
കെ.എന്‍.എം 50 വീടുകള്‍
അമ്പത് കുടുംബങ്ങള്‍ക്ക് കെ.എന്‍.എം സംസ്ഥാന സമിതി വീട് നിര്‍മിച്ച് നല്‍കും. നൂറു കുടുംബങ്ങളെ പുനരധിവസിപ്പിക്കും. അമ്പത് പേര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും. കടകളുടെ നവീകരണം, തൊഴില്‍ ഉപകരണങ്ങള്‍, ജീവിത മാര്‍ഗം കണ്ടെത്താനുള്ള സഹായം എന്നിവയാണ് പദ്ധതി. 50 കുടിവെള്ള പദ്ധതികളും നടപ്പാക്കും. 100 കൂടുംബങ്ങളുടെ ഒരു വര്‍ഷത്തെ ഭക്ഷ്യവസ്തുക്കളുടെ ചെലവും വഹിക്കും. 50 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കും. പ്രദേശത്തെ 25 പെണ്‍കുട്ടികളെ കെ.എന്‍.എം സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും. ചികിത്സാ സഹായങ്ങളും നല്‍കും.
മലങ്കര സുറിയാനി സഭ 50 വീടുകള്‍
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ 50 വീടുകള്‍ നിര്‍മിച്ച് നല്‍കും. സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ചാണ് വീടുകളുടെ നിര്‍മാണം.
യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി 30 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ യൂനിറ്റ് കമ്മിറ്റികളില്‍ നിന്ന് തുക സമാഹരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക.
ഡി.വൈ.എഫ്.ഐ 25ലധികം വീടുകള്‍
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി 25ലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വീട് നിര്‍മ്മാണം. പ്രവര്‍ത്തകരുടെ അധ്വാനഫലമായി ലഭിക്കുന്ന തുകയാണ് ഇതിന് ഉപയോഗിക്കുക.
ബോച്ചെ 100 കുടുംബങ്ങള്‍ക്ക് ഭൂമി
100 കുടുംബങ്ങള്‍ക്ക് ഭൂമിയാണ് ബോച്ചെയുടെ വക പ്രഖ്യാപിച്ചത്. മേപ്പാടി മുണ്ടക്കൈ റോഡില്‍ ബോച്ചെയുടെ കൈവശമുള്ള ചുളിക്ക ബോച്ചെ തൗസന്‍ഡ് ഏക്കറില്‍ നിന്നാണ് ഭൂമി നല്‍കുക. ഒന്നാംഘട്ടമെന്ന നിലയിലാണ് ഭൂമി പ്രഖ്യാപിച്ചത്.
എറണാകുളം ജില്ല മഹല്ല് കൂട്ടായ്മ 20 വീടുകള്‍
20 കുടുംബങ്ങള്‍ക്ക് എറണാകുളം ജില്ലയിലെ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട് വച്ചു നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനുവിന്റെ സഹകരണത്തോടെ കോട്ടത്തറ പഞ്ചായത്തില്‍ കണ്ടെത്തിയ ഒരേക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തി.
റിപ്പോര്‍ട്ടര്‍ ടി.വി 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്
പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ് ഒരുക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി ഡയരക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
ഗോകുലം ഗോപാലന്‍ 25 വീട്
ഗോകുലം ഗോപാലന്‍ 25 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് അറിയിച്ചത്.
സമഗ്ര പദ്ധതികളുമായി 24 ടി.വി
ദുരന്തത്തില്‍ സര്‍വം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഒരുക്കാന്‍ 24 ടി.വി സമഗ്ര പദ്ധതികളാണ് ഒരുക്കുന്നത്. 24 കണക്ട് ആപ് വഴി ഇതിനായുള്ള തുക സമാഹരിക്കുന്നുണ്ട്. പ്രഖ്യാപനം സെപ്റ്റംബര്‍ ഒന്നിന് വയനാട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഉണ്ടാകും.
കൈത്താങ്ങാവാന്‍ സ്‌കൂളുകളും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്‌കൂളുകളാണ് ഒന്നും രണ്ടും വീടുകള്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നല്‍കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. സുമനസുകളും മുണ്ടക്കൈ, ചൂരല്‍മല നാടുകളുടെ പുനര്‍നിര്‍മാണത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."